സൗദിയിലെ സ്വകാര്യ സ്കൂളുകളില്‍ നിന്നും വിദേശികളെ ഒഴിവാക്കുന്നു

By Web TeamFirst Published Jan 23, 2019, 11:33 PM IST
Highlights

അധ്യാപക തസ്തികളിലും സ്വദേശികളെ മാത്രമാക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം ആലോചിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ നല്‍കിയിരുന്നില്ല.

റിയാദ്: സൗദിയില്‍ വിദ്യാഭ്യാസ രംഗത്തും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. വരുന്ന അധ്യയന വര്‍ഷം മുതല്‍ അധ്യാപക തസ്തികകളില്‍ വിദേശികള്‍ക്ക് അവസരം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യം സ്വകാര്യവത്കരിച്ച പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികള്‍ക്ക് പിന്നാലെ ആദ്യ ഘട്ടത്തില്‍ സ്കൂളുകളിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകള്‍ സ്വദേശിവത്കരിക്കാന്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. വിദ്യാര്‍ത്ഥികളുടെ സൂപ്പര്‍വൈസര്‍, അഡ്മിനിസ്ട്രേറ്റര്‍, സ്റ്റുഡന്‍സ് കൗണ്‍സിലര്‍, ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്വദേശികളെ മാത്രം നിയമിക്കണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അധ്യാപക തസ്തികളിലും സ്വദേശികളെ മാത്രമാക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം ആലോചിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ നല്‍കിയിരുന്നില്ല.

എന്നാല്‍ സ്വകാര്യ സ്കൂളുകളിലെ അധ്യാപക ഒഴിവുകള്‍ തൊഴിൽ സാമൂഹിക മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ലേബർ ഗേറ്റ് വേ പോർട്ടലിൽ പരസ്യപ്പെടുത്തണമെന്നാണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 7ന് മുൻപ് ഇത് ചെയ്യണമെന്നാണ് അറിയിപ്പ്. അധ്യാപക തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നിയന്ത്രണമെന്നാണ് സൂചന.

click me!