ഷാര്‍ജയില്‍ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്കൂള്‍ തുറന്നു

By Web TeamFirst Published Sep 10, 2019, 12:12 AM IST
Highlights

60 കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രവേശനം നൽകിയത്. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണു ക്ലാസ്. ഫിസിയോ തെറപ്പി വിഭാഗം വൈകിട്ട് 4.30 വരെയും പ്രവർത്തിക്കും.

ഷാര്‍ജ: ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ കീഴിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കൂള്‍ തുറന്നു. 60 വിദ്യാര്‍ത്ഥികളുമായി നാളെ മുതല്‍ അധ്യയനം ആരംഭിക്കും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിലാണ് പുഞ്ചിരി എന്നർഥം വരുന്ന അൽ ഇബ്തിസാമ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഭിന്നശേഷിക്കാരായ ആറു മുതൽ‌ 15 വയസു വരെയുള്ള കുട്ടികൾക്കാണു പ്രവേശനം. പ്രിൻസിപ്പലടക്കം ഇരുപതോളം അധ്യാപകരുണ്ട്.

അമേരിക്കയിലും കേരളത്തിലും ഭിന്നശേഷിക്കാരുടെ സ്കൂളുകൾക്ക് നേതൃത്വം നൽകിയ കണ്ണൂർ സ്വദേശി ജയനാരായണനാണ് പ്രിൻസിപ്പൽ. അധ്യാപകരെല്ലാം മലയാളികളാണ്. രക്ഷിതാക്കൾക്കും സ്കൂളിൽ പരിശീലനം നൽകും. 60 കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രവേശനം നൽകിയത്. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണു ക്ലാസ്. ഫിസിയോ തെറപ്പി വിഭാഗം വൈകിട്ട് 4.30 വരെയും പ്രവർത്തിക്കും.

ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഉന്നമനത്തിന് വേണ്ടി വിശാലവും മികവാർന്നതുമായ സൗകര്യവും സംവിധാനവുമാണ് സ്കൂളില്‍ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഏറെ കാലത്തെ പരിശ്രമത്തിന്‍റെ ഫലമായാണ് സ്കൂൾ യാഥാർഥ്യമായത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

click me!