
മനാമ: കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലേബര്‍ ക്യാമ്പുകളിലുള്ള തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുമായി ബഹ്റൈന്‍ ഭരണകൂടം മുന്നോട്ട്. സര്‍ക്കാര്‍ സ്കൂളുകളുടെ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തി അവിടെ പ്രവാസി തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കാനാണ് നീക്കം. കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ദേശവ്യാപകമായി ആവിഷ്കരിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം.
പ്രത്യേകം നിയോഗിക്കുന്ന ഉദ്യോഗസ്ഥ സംഘം ഓരോ സര്‍ക്കാര്‍ സ്കൂളുകളും നേരിട്ട് സന്ദര്‍ശിച്ച് അവ താത്കാലിക താമസ സൗകര്യമൊരുക്കാന്‍ ഉപയോഗിക്കാനാവുമോ എന്ന് പരിശോധിക്കും. ഇതോടൊപ്പം തൊഴിലുടമകളുമായി സഹകരിച്ച് ലേബര്‍ ക്യാമ്പുകളിലും സംഘം പരിശോധന നടത്തും. ക്യാമ്പുകളിലെ ജനബാഹുല്യം കുറയ്ക്കുന്നതിനായി തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികള്‍ ഈ സംഘം സ്വീകരിക്കും. വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി നോര്‍ത്തണ്‍ ഗവര്‍ണര്‍ അലി അല്‍ അസ്‍ഫൂര്‍ കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
രോഗവ്യാപനത്തെക്കുറിച്ച് സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അവബോധത്തെയും കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയും അലി അസ്‍ഫൂര്‍ യോഗത്തില്‍ എടുത്തുപറഞ്ഞു. പ്രത്യേക നിര്‍മാണ കരാറുകളില്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത തൊഴിലാളികളെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തിക്കൊണ്ട് പ്രത്യേക താമസ സ്ഥലങ്ങളൊരുക്കും. ഇവിടെ സാമൂഹിക അകലവും അണുനശീകരണവും ഉള്‍പ്പെടെയുള്ള നടപടികളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളി ബാഹുല്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കാന്‍ സതേണ്‍ ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫയും കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തി. വിദ്യാഭ്യാസ-സാമൂഹിക സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കാനാണ് സെക്യൂരിറ്റി മീറ്റിങിലും ധാരണയായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam