
ഷാര്‍ജ: ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഡെലിവറി ജീവനക്കാരെ ഉപയോഗപ്പെടുത്തി വന്‍തോതില്‍ ലഹരിക്കടത്ത് നടത്തിയ ഏഴ് പ്രവാസികള്‍ ഷാര്‍ജ പൊലീസിന്റെ പിടിയിലായി. കുറഞ്ഞ ശമ്പളത്തിന് ഡെലിവറി കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ അവസ്ഥ ചൂഷണം ചെയ്‍തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് ഷാര്‍ജ പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏഴര കിലോഗ്രാമില്‍ അധികം ക്രിസ്റ്റല്‍മെത്ത്, അര കിലോഗ്രാം കഞ്ചാവ്, 297 റോളുകള്‍ തുടങ്ങിയവ 12 മണിക്കൂറിനുള്ളില്‍ പൊലീസ് പിടിച്ചെടുത്തു.
ഡെലിവറി കമ്പനികളിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി പുതിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്‍ട്ര ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഷാര്‍ജ പൊലീസിലെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗമാണ് കണ്ടെത്തിയത്. ജോലിയുടെ പ്രത്യേകത കാരണം രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ പല സമയങ്ങളിലും ഡെലിവറി ജീവനക്കാര്‍ സഞ്ചരിക്കുന്നത് ലഹരിക്കടത്തിന് സഹായകമാവുമെന്ന കണ്ടെത്തലാണ് മയക്കുമരുന്ന് സംഘങ്ങളെ പുതിയ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.
12 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഡെലിവറി ജീവനക്കാരെ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തിയിരുന്ന ഏഴ് പ്രവാസികളുടെ സംഘത്തെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്‍തു. സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നവരെ നിരീക്ഷിച്ചും യുഎഇയിലെ മറ്റ് എമിറേറ്റകളിലെ ലഹരി വിരുദ്ധ സേനകളുടെ സഹായം ഉറപ്പാക്കിയുമായിരുന്നു അന്വേഷണം. അറസ്റ്റിലായവരെയും പിടിച്ചെടുത്ത സാധനങ്ങളെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള സാധാരണ ജനങ്ങളെ, വിശേഷിച്ചും യുവാക്കളെ കെണിയില്‍പെടുത്തുന്ന ഇത്തരം ലഹരി സംഘങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങള്‍ അധികൃതരുമായി സഹകരിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ