അബുദാബി പ്രവേശനം: ഏഴ് പുതിയ ഡ്രൈവ് ത്രൂ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി

By Web TeamFirst Published Aug 12, 2020, 8:57 AM IST
Highlights

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന എസ്എംഎസ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ അബുദാബിയില്‍ പ്രവേശിക്കാനാകും. ഫലം പോസിറ്റീവായാല്‍ സ്രവ പരിശോധന നടത്തുകയും ക്വാറന്റീനില്‍ കഴിയുകയും വേണം.

അബുദാബി: മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ലേസര്‍ അധിഷ്ഠിത ഏഴ് ഡ്രൈവ് ത്രൂ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി തുറന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ പരിശോധന നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയായ സെഹ ആംബുലേറ്ററി ഹെല്‍ത്ത് കെയര്‍ സര്‍വീസസ് അറിയിച്ചു. 

അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലെയും കോര്‍ണിഷിലെയും സ്‌ക്രീനിങ് സെന്റര്‍, അല്‍ഐന്‍ അല്‍ ഹിലി, ദുബായ് മിന റാഷിദ്, അല്‍ ഖവാനീജ്, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് പരിശോധന നടത്താവുന്നത്. സെഹയുടെ ആപ്പ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് 50 ദിര്‍ഹം അടച്ചാല്‍ പരിശോധന നടത്താം. രക്തസാമ്പിളുകളാണ് ശേഖരിക്കുക. അഞ്ച് മിനിറ്റിനുള്ളില്‍ പരിശോധനാഫലം അറിയാം. 

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന എസ്എംഎസ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ അബുദാബിയില്‍ പ്രവേശിക്കാനാകും. ഫലം പോസിറ്റീവായാല്‍ സ്രവ പരിശോധന നടത്തുകയും ക്വാറന്റീനില്‍ കഴിയുകയും വേണം. അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ഡ്രൈവ് ത്രൂ സ്‌ക്രീനിങ് സെന്‍ററുകള്‍ ശനിയാഴ്ച മുതല്‍ വ്യാഴാച വരെ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും. വടക്കന്‍ എമിറേറ്റ്‌സ് മേഖലയിലെ കേന്ദ്രങ്ങള്‍ ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കും. രാവിലെ 10 മണി മുതല്‍ രാത്രി എട്ട് വരെയാണ് സമയമെന്നും അധികൃതര്‍ അറിയിച്ചു. 
 

click me!