ഓൺലൈനിൽ കണ്ടത് പിറന്നാൾ ദിവസം അനുകരിച്ചു, ശരീരത്തിലേക്ക് തീ ആളിപ്പടർന്നപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി, 66 ദിവസം ആശുപത്രിയിൽ

Published : Sep 24, 2025, 12:08 AM IST
Mouza Kaseb

Synopsis

'ഈവിൾ ഡോൾസ്' എന്ന ഗെയിം കണ്ടത് കളിക്കാൻ നോക്കിയപ്പോഴാണ് മൊസക്ക് വലിയ അപകടം സംഭവിച്ചത്. ഏഴാം പിറന്നാൾ ദിനത്തിലെ കുസൃതി അവളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. 66 ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നു.

റാസൽഖൈമ: പൂമ്പാറ്റയെ പോലെ പാറി നടന്ന മൊസ കസബ് എന്ന പെൺകുട്ടിയെ തന്‍റെ ഏഴാം ജന്മദിനത്തില്‍ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. യുഎഇയിലെ റാസൽഖൈമ സ്വദേശിനിയായ മൊസ കസേബ് ഓൺലൈനിൽ കണ്ട ഒരു കാര്യം കൗതുകം തോന്നി ഒന്ന് പരീക്ഷിക്കാന്‍ നോക്കിയതാണ്. എന്നാല്‍ ആ ദിവസം തന്‍റെ ജീവിതത്തെ ഇത്രത്തോളം മാറ്റുമെന്ന് മൊസ അറിഞ്ഞിരുന്നില്ല.

പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന ഒരു വീഡിയോ മൊസ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. അതുകണ്ട് കൗതുകം തോന്നിയ മൊസ ഒരു പാവയെ വാങ്ങി അതിന് തീയിടാൻ ശ്രമിച്ചു. 'ഈവിൾ ഡോൾസ്' ഗെയിം കളിക്കാനാണ് മൊസ നോക്കിയത്.

എന്നാല്‍ പാവയ്ക്ക് തീകൊളുത്തിയപ്പോള്‍ പാവയില്‍ നിന്ന് മൊസയുടെ ശരീരത്തിലേക്കും തീപടര്‍ന്നു. പെട്ടെന്ന് തീ പിടിക്കുന്ന 'കന്ദൂര മഖവാര' (കല്ലുകളും ആർട്ട് വർക്കുകളുമുള്ള പരമ്പരാഗത ജലാബിയ) ആയിരുന്നു മൊസ അന്ന് ധരിച്ചത്. തീ പിടിച്ചപ്പോൾ അവൾ ഞങ്ങളുടെ അടുത്തേക്ക് വരാതെ പുറത്തേക്ക് ഓടിയെന്നും ഉച്ചവെയിലും കൂടിയായപ്പോൾ സ്ഥിതി കൂടുതൽ വഷളായതായും മൊസയുടെ മാതാവ് പറഞ്ഞു.

ഏപ്രിൽ 24-നായിരുന്നു അപകടം ഉണ്ടായത്. മൊസയുടെ ഏഴാം പിറന്നാൾ ദിനത്തിലായിരുന്നു ഇത്. 'അവളുടെ നിലവിളി എല്ലാവരും കേട്ടു. കാറോടിച്ച് വന്ന അവളുടെ സഹോദരൻ അവളുടെ കന്ദൂര പൂർണ്ണമായും തീപിടിച്ച നിലയിൽ കണ്ടു. അവൻ അത് വലിച്ചുകീറി അവളെ ആശുപത്രിയിൽ എത്തിച്ചു," മാതാവ് കൂട്ടിച്ചേർത്തു.

മൊസയെ റാസ് അൽ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസിൽ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൗത്ത് മെഡിക്കൽ സിറ്റിയിലേക്ക് (SSMC) മാറ്റി. "രണ്ട് മണിക്കൂറോളം അവൾ വേദനകൊണ്ട് കരയുകയായിരുന്നു. പക്ഷേ ഞങ്ങൾ അവിടെയെത്തിയ ഉടൻ അവൾ ശാന്തയായി,"- മാതാവ് ഓര്‍ത്തെടുത്തു. മൊസയുടെ നെഞ്ചു മുതൽ വയറിന് മുകളിലായി, തോളുകൾ, പുറം, കൂടാതെ മുടിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഗുരുതര പൊള്ളലേറ്റിരുന്നു.

എസ്എസ്എംസിയിലെ ബേൺസ് സെന്ററിൽ, മൊസയ്ക്ക് ബയോഡീഗ്രേഡബിൾ ടെമ്പോറൈസിംഗ് മാട്രിക്സ് (BTM) തെറാപ്പിയും മീക്ക് ഗ്രാഫ്റ്റിംഗും ഉൾപ്പെടെയുള്ള ചികിത്സകൾ നൽകി. 66 ദിവസമാണ് അവ‍ർ ആശുപത്രിയിൽ കഴിഞ്ഞത്. ഈ ദുരിതങ്ങൾക്കിടയിലും, മൊസ പെട്ടെന്ന് തന്നെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. "അവൾ ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കി, സമ്മാനങ്ങൾ കൈമാറി, കുട്ടികളെ കളിക്കാൻ പ്രേരിപ്പിച്ചു. അവൾക്ക് ഒരു ഫിസിയോതെറാപ്പിസ്റ്റ് ആകണമെന്ന് ആഗ്രഹമുണ്ട്- മാതാവ് പറഞ്ഞു."

ചികിത്സിക്ക് ശേഷം അപകടത്തെ അതിജീവിച്ച് മൊസ സ്കൂളിൽ തിരികെ പോയി തുടങ്ങി. മറ്റ് കുട്ടികളെപ്പോലെ നടക്കുകയും കളിക്കുകയും ചെയ്യുന്നു. കാലക്രമേണ പാടുകൾ മാഞ്ഞുപോകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. തീ എനിക്കിപ്പോൾ പേടിയാണ്. ഇനിയൊരിക്കലും തീ വച്ച് കളിക്കില്ലെന്നാണ് മൊസ പറയുന്നത്. കുട്ടികളിൽ മുറിപ്പാടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അതുകൊണ്ടാണ് ബിടിഎം പോലുള്ള നൂതന ചികിത്സാ രീതികൾ കൂടുതൽ പ്രസക്തമാകുന്നതെന്നും മൊസയെ ചികിത്സിച്ച എസ്എസ്എംസിയിലെ ഡോക്ടർ സൈമൺ മയേഴ്സ് പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം