റിയാദ് മാരത്തൺ - 2023 സമാപിച്ചു; പങ്കെടുക്കാനെത്തിയത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും

Published : Feb 14, 2023, 06:33 PM IST
റിയാദ് മാരത്തൺ - 2023 സമാപിച്ചു; പങ്കെടുക്കാനെത്തിയത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും

Synopsis

അൽ-നസ്ർ ക്ലബിൽ ചേർന്ന ലോക ഫുട്ബാൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദിയിലെ അരങ്ങേറ്റം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ റിയാദിലെ മർസൂൽ പാർക്കായിരുന്നു മത്സരത്തിന്റെ സ്റ്റാർട്ടിങ് പോയിൻറ്. 

റിയാദ്: പ്രശസ്തമായ റിയാദ് മാരത്തണിൽ ഇത്തവണ എത്യോപ്യയുടെ അലെമുവും മൊറോക്കയുടെ ജൗഹറും വിജയികളായി. സൗദി സ്‍പോർട്സ് ഫോർ ആൾ ഫെഡറേഷൻ (എസ്.എഫ്.എ), സൗദി കായിക മന്ത്രാലയത്തിന്റെയും വിഷൻ 203ന്റെ ഭാഗമായ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെയും ഭാഗമായി റിയാദിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാരത്തണിന്റെ രണ്ടാം പതിപ്പായി (2023) ശനിയാഴ്ച നടന്ന മത്സരത്തിലാണ് 42 കിലോമീറ്റർ ഫുൾ മാരത്തൺ (എലീറ്റ്)ൽ വനിതകളുടെ വിഭാഗത്തിൽ അലെമു മെസെർട് അബെബായേഹുവും പുരുഷ വിഭാഗത്തിൽ മൊറോക്കൊയുടെ ജൗഹർ സാമിറും വിജയത്തിൽ ഫിനിഷ് ചെയ്തത്. 

അലെമു രണ്ട് മണിക്കൂറും 24 മിനുട്ടും 30 സെക്കൻറും കൊണ്ട് 42 കിലോമീറ്റർ ഓടി മറികടന്നപ്പോൾ ജൗഹർ സാമിർ രണ്ട് മണിക്കൂറും എട്ട് മിനുട്ടും 42 സെക്കൻറും കൊണ്ട് ഫിനിഷിങ് പോയിൻറിലെത്തി. വനിതാവിഭാഗത്തിൽ 14 പേരും പുരുഷ വിഭാഗത്തിൽ 16 പേരും മത്സരിച്ചു. ഹാഫ് മാരത്തൺ (എലീറ്റ്) വനിതാ വിഭാഗത്തിൽ കെനിയൻ അത്ലറ്റ് ചെസറെക് ബിയാട്രീസ് ജെപ്ചിർചിരി (ഒരു മണിക്കൂർ ഒമ്പത് മിനുട്ട് 22 സെക്കൻറ്), പുരുഷ വിഭാഗത്തിൽ കെനിയയുടെ തന്നെ കിമെലി ബെനാർഡ് (ഒരു മണിക്കൂർ രണ്ട് മിനുട്ട് 35 സെക്കൻറ്) എന്നിവർ ജേതാക്കളായി. ഇരു വിഭാഗങ്ങളിലും ആറുപേർ വീതം മത്സരിച്ചു.

ജനറൽ മാരത്തൺ വനിതാ വിഭാഗത്തിൽ പോളണ്ട് താരം അന്നാ കവാലെക് (മൂന്ന് മണിക്കൂർ 19 മിനുട്ട് അഞ്ച് സെക്കൻറ്), പുരുഷ വിഭാഗത്തിൽ സൗദി താരം അഹ്മദ് അദെനിറാൻ (രണ്ട് മണിക്കൂർ 40 മിനുട്ട് 24 സെക്കൻറ്) എന്നിവർ വിജയികളായി. വനിതാ വിഭാഗത്തിൽ 78 പേരും പുരുഷ വിഭാഗത്തിൽ 436 പേരും മത്സരിച്ചു.
ഹാഫ് മാരത്തൺ വനിത വിഭാഗത്തിൽ സൗദി അത്ലറ്റ് റെബേക്ക കോൺകാനോൺ (ഒരു മണിക്കൂർ 23 മിനുട്ട് 59 സെക്കൻറ്), പുരുഷ വിഭാഗത്തിൽ കുവൈത്ത് അത്ലറ്റ് ഫഹദ് അൽആസ്മി (ഒരു മണിക്കൂർ 18 മിനുട്ട് 43 സെക്കൻറ്) എന്നിവർ ആദ്യം ഫിനിഷ് ചെയ്തു. യഥാക്രമം 515 ഉം 1954 ഉം മത്സരാർഥികളാണ് രണ്ട് വിഭാഗങ്ങളിലായി പങ്കെടുത്തത്.

10 കിലോമീറ്റർ ഓട്ടം വനിത വിഭാഗത്തിൽ മൊറോക്കൻ അത്ലറ്റ് മറിയം ഔവദിദ് (39 മിനുട്ട് 32 സെക്കൻറ്), പുരുഷ വിഭാഗത്തിൽ സോമാലിയൻ അത്ലറ്റ് മഹമ്മൂദ് ഉസ്മാൻ (31 മിനുട്ട് 37 സെക്കൻറ്) എന്നിവർ വിജയിച്ചു. വനിത വിഭാഗത്തിൽ 1407 ഉം പുരുഷ വിഭാഗത്തിൽ 3067 ഉം പേർ മത്സരിച്ചു.

കുടുംബങ്ങൾക്ക് നാല് കിലോമീറ്റർ ഫൺ റൺ ആയി സംഘടിപ്പിച്ച മത്സരത്തിൽ ബ്രിട്ടീഷ് വനിത സോഫിയ ക്ലൂട്ടൺ (19 മിനുട്ട് രണ്ട് സെക്കൻറ്), സൗദി യുവാവ് മാനിഹ് റാദി അൽഉതൈബി (13 മിനുട്ട് 15 സെക്കൻറ്) എന്നിവർ ആദ്യം ഓടിയെത്തി വിജയത്തിൽ തൊട്ടു. വനിത വിഭാഗത്തിൽ 2066 ഉം പുരുഷ വിഭാഗത്തിൽ 2432 ഉം ആളുകൾ കൂട്ടയോട്ടം നടത്തി. വിജയികൾക്ക് ലഭിച്ചത് മൊത്തം 10 ലക്ഷം റിയാൽ സമ്മാനമാണ്. 

അൽ-നസ്ർ ക്ലബിൽ ചേർന്ന ലോക ഫുട്ബാൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദിയിലെ അരങ്ങേറ്റം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ റിയാദിലെ മർസൂൽ പാർക്കായിരുന്നു മത്സരത്തിന്റെ സ്റ്റാർട്ടിങ് പോയിൻറ്. ഫ്ലാഗ് സ്ക്വയർ, ഡിജിറ്റൽ സിറ്റി എന്നിവിടങ്ങളിലൂടെയാണ് മത്സര റൂട്ട് കടന്നുപോയത്. വൈകീട്ട് നടന്ന സമാപന ചടങ്ങിൽ എസ്.എഫ്.എ പ്രസിഡൻറ് അമീർ ഖാലിദ് ബിൻ അൽവലീദ് ബിൻ തലാൽ അൽസഊദും അമീറ നവാഫ് ബിൻ മുഹമ്മദ് അൽസഊദും വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. 

വിവിധ മത്സരവിഭാഗങ്ങളിലായി ആകെ പങ്കെടുത്ത പതിനായിരത്തിലേറെ പേരിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. കോഴിക്കോട് സ്വദേശികളും റിയാദിൽ ജോലി ചെയ്യുന്നവരുമായ സയ്യിദ് ശബീറലി എളമരം, സജീദ് മാറ്റ മുക്കം എന്നിവർ 10 കിലോമീറ്റർ വിഭാഗത്തിലാണ് തങ്ങളുടെ വേഗത പരീക്ഷിക്കാനിറങ്ങിയത്. രണ്ട് പേരും കൃത്യമായ പ്രാക്ടീസ് ഇല്ലെങ്കിലും മികച്ച സമയത്ത് ഓട്ടം പൂർത്തിയാക്കി. കഴിഞ്ഞ വർഷം നടന്ന ആദ്യ മാരത്തണിൽ 21 കിലോമീറ്റർ ഹാഫ് മാരത്തണ്ണിൽ ഇവർ രണ്ടുപേരും പങ്കെടുത്തിരുന്നു. ഇത്തവണ ഇവരുടെ സുഹൃത്തായ ജാബിറലി കൊണ്ടോട്ടിയും മത്സരത്തിനിറങ്ങി.

ഖമീസ് മുശൈത്തിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയും എഴുത്തുകാരനുമായ റസാഖ് കിണാശ്ശേരി 21 കിലോമീറ്റർ വിഭാഗത്തിലാണ് പങ്കെടുത്തത്. ഇക്കഴിഞ്ഞ സൗദി ദേശീയ ദിനത്തിൽ ഖമീസ് മുശൈത്ത് ഗവർണറേറ്റ് മുതൽ അബഹ ഗവർണറേറ്റ് വരെ 30 കിലോമീറ്റർ വരെ അസീർ ഗവർണറുടെ പ്രത്യേക അനുമതിയോടെ ഓടി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹം പങ്കെടുക്കുന്ന സൗദിയിലെ നാലാമത്തെ അന്താരാഷ്ട്ര മാരത്തണായിരുന്നു റിയാദിലേത്. 

കഴിഞ്ഞ വർഷം റിയാദിൽ നടന്ന സൗദിയിലെ ആദ്യ മാരത്തണിലും ഇക്കഴിഞ്ഞ ഡിസംബർ 10 ന് ജിദ്ദയിൽ നടന്ന മാരത്തണിലും 21 കിലോമീറ്റർ വിഭാഗത്തിൽ റസാഖ് പങ്കെടുത്തിരുന്നു. സൗദിയിലെ മറ്റു ചില മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഓരോ തവണ കഴിയുമ്പോഴും തന്റെ സമയം മെച്ചപ്പെടുത്താൻ കഴിയുന്നതായി അദ്ദേഹം പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി