
കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ കടുത്ത തണുപ്പും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ബുധനാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും അന്തരീക്ഷത്തിൽ പൊടിപടലങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞിരുന്നു. വരും ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതോടെ തണുപ്പ് ഇനിയും വർധിക്കും.
അടുത്ത അഞ്ച് ദിവസത്തേക്ക് രാജ്യത്ത് അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ മാപ്പുകൾ സൂചിപ്പിക്കുന്നത്. കാർഷിക-മരുഭൂമി പ്രദേശങ്ങളിൽ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിനും താഴെ പോകാൻ സാധ്യതയുണ്ട്. ഇത്തരം മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പകൽ സമയത്ത് പരമാവധി 14 മുതൽ 16 ഡിഗ്രി വരെയും, രാത്രിയിൽ കുറഞ്ഞ താപനില രണ്ട് മുതൽ 5 ഡിഗ്രി വരെയുമായിരിക്കും താപനില. മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്.
പൊടിപടലങ്ങൾ കാരണം ഹൈവേകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കൂടുന്നതും ഈർപ്പം വർധിക്കുന്നതും കണക്കിലെടുത്ത് അലർജി, ആസ്ത്മ രോഗികൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പകൽ സമയത്ത് തണുപ്പും രാത്രിയിൽ കടുത്ത ശൈത്യവും അനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam