
ദുബൈ: ചരിത്രം കുറിച്ച് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. സിനിമ, റിയൽ എസ്റ്റേറ്റ്, ആഗോള പ്രശസ്തി എന്നിവ സമന്വയിപ്പിച്ചു കൊണ്ട് ദുബൈയിലെ ഒരു കൂറ്റൻ കെട്ടിടത്തിന് ഷാറൂഖ് ഖാന്‍റെ പേര് നല്‍കുന്നു. ഇത്തരത്തില്‍ അംഗീകരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നടനായി അദ്ദേഹം മാറി.
'ഷാറുഖ്‌സ് ബൈ ഡാന്യൂബ്' എന്ന് പേരിട്ടിരിക്കുന്ന ഈ വിസ്മയ പദ്ധതിയുടെ പ്രഖ്യാപനം ഷാറുഖ് ഖാനും അദ്ദേഹത്തിന്‍റെ സുഹൃത്തും സംവിധായികയും നൃത്തസംവിധായകയുമായ ഫറാ ഖാനും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ മുംബൈയിൽ നടന്നു. ഷെയ്ഖ് സായിദ് റോഡിലാണ് ഡാനൂബ് ഗ്രൂപ്പ് 55 നിലകളുള്ള ഈ വാണിജ്യ ടവർ നിർമ്മിക്കുന്നത്.
ഈ പുതിയ പദ്ധതിയെക്കുറിച്ചും തന്‍റെ റിയൽ എസ്റ്റേറ്റ് രംഗത്തേക്കുള്ള പ്രവേശനത്തെക്കുറിച്ചും ഷാരൂഖ് ഖാൻ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ദുബൈയിലെ ഒരു ലാൻഡ്മാർക്കിന് തന്‍റെ പേര് ലഭിക്കുന്നത് അതീവ സന്തോഷം നൽകുന്നതാണെന്നും നഗരത്തിന്‍റെ ഭൂപ്രകൃതിയുടെ ഭാഗമായി എന്നെന്നേക്കുമായി നിലനിൽക്കുന്ന ഒന്നാണിത്. സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും സാധ്യതകളെയും ആഘോഷിക്കുന്ന ദുബൈ എപ്പോഴും തനിക്ക് ഒരു പ്രത്യേക ഇടമാണെന്നും ഷാറൂഖ് പറഞ്ഞു. ''ഷാരൂഖ്‌സ് ബൈ ഡാനൂബ്' എന്ന ഈ വാണിജ്യ ടവർ, വിശ്വാസവും കഠിനാധ്വാനവും നിങ്ങളെ എത്രത്തോളം എത്തിക്കുമെന്ന് തെളിയിക്കുന്നതിന്‍റെ പ്രതീകമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
60 വയസ്സുകാരനായ ഷാരൂഖിന്‍റെ പേര് നൽകിയ ടവർ ദുബൈയിൽ നിർമ്മിക്കുന്നത് തികച്ചും അനുയോജ്യമാണ്. 'പഠാൻ' താരം ദുബായിയെ തന്‍റെ രണ്ടാമത്തെ വീടായിട്ടാണ് വിശേഷിപ്പിക്കുന്നത്. എമിറേറ്റിൽ സ്വന്തമായി വസ്തുവകകൾ വാങ്ങിയ ആദ്യ ബോളിവുഡ് താരങ്ങളിൽ ഒരാളാണ് അദ്ദേഹം. പാം ജുമൈറയിൽ 'ജന്നത്ത്' എന്ന പേരിലൊരു ആഢംബര വില്ലയും അദ്ദേഹത്തിനുണ്ട്. ഒരു മില്യൺ ചതുരശ്രയടി വിസ്തീർണ്ണമുള്ള ഈ ടവറിലെ യൂണിറ്റുകളുടെ വില 17 ലക്ഷം ദിർഹം മുതലാണ് ആരംഭിക്കുന്നത്. സംരംഭകർക്കും, നൂതന കണ്ടുപിടിത്തങ്ങൾ നടത്തുന്നവർക്കും, അതിവേഗം വളരുന്ന ബിസിനസ്സുകൾക്കുമുള്ള ഒരു ആഗോള കേന്ദ്രമായി ഇത് മാറാനാണ് ലക്ഷ്യമിടുന്നത്. കെട്ടിടത്തിന്‍റെ പ്രവേശന കവാടത്തിൽ ഷാരൂഖ് ഖാന്‍റെ ട്രേഡ്മാർക്ക് പോസായ കൈകൾ വിടർത്തി നിൽക്കുന്ന പ്രതിമയും സ്ഥാപിക്കും. ഇത് ഫോട്ടോ എടുക്കാനായി ആളുകൾക്ക് ഉപയോഗിക്കാൻ സാധിക്കും. 2029-ഓടെ ഈ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam