
ഷാര്‍ജ: അനധികൃത പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍. ഇത്തരം സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്‍തിരിക്കുന്ന വാഹനങ്ങളില്‍ മുനിസിപ്പാലിറ്റി അധികൃതരും പൊലീസും ചേര്‍ന്ന് സ്റ്റിക്കറുകള്‍ പതിക്കാന്‍ തുടങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും മുനിസിപ്പാലിറ്റി പുറത്തുവിട്ടിട്ടുണ്ട്.
അനധികൃത പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അവിടെ നിന്ന് മാറ്റണമെന്ന് ഉടമസ്ഥരോട് ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് വാഹനങ്ങളില്‍ പതിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ പാര്‍ക്കിങ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ കാരണം നിരവധി പ്രശ്‍നങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് അധികൃതര്‍ നടപടി കര്‍ശനമാക്കിയത്. ചിലര്‍ ദീര്‍ഘകാലം വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിട്ട് പോകുന്നുണ്ട്. ഇത് നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
മാനദണ്ഡങ്ങളൊന്നും പാലിക്കാത്തതിനാല്‍ വാഹനങ്ങള്‍ പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ഇവിടങ്ങളില്‍ പ്രത്യേകം വഴികളുണ്ടാവില്ല. ക്രമം പാലിക്കാതെയും പരസ്‍പരം അകലം പാലിക്കാതെയും തോന്നിയ പോലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുകൊണ്ടും ബുദ്ധിമുട്ടുണ്ടാകുന്നു. പലപ്പോഴും മറ്റ് വാഹനങ്ങള്‍ മാറ്റാന്‍ വാഹന ഉടമകള്‍ പൊലീസിന്റെ സഹായം തേടുന്നതും പതിവാണ്. വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കാറുമുണ്ട്.
ഈ വര്‍ഷം ഇതുവരെ 30 അനധികൃത പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഷാര്‍ജ മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ കീഴില്‍ 2500 പാര്‍ക്കിങ് സ്ഥലങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിന് പുറമെ റെസിഡന്‍ഷ്യല്‍ ബില്‍ഡിങുകളിലും രണ്ടായിരത്തിലധികം പാര്‍ക്കിങ് സ്ഥലങ്ങളുണ്ടെന്നും ഇവ ഉപയോഗിക്കാമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam