
ഷാര്‍ജ: പത്താമത് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് ഫെബ്രുവരി അഞ്ചിന് തുടക്കമാകും. ഉത്സവവേളയിൽ ഷാർജയുടെ ഏറ്റവും പ്രധാനപ്പെട്ട 19 ഇടങ്ങളിൽ പ്രത്യേക ലൈറ്റ് ഷോകൾ നടക്കുമെന്ന് ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്പ്‌മെന്റ് അതോറിറ്റി അറിയിച്ചു. വീഡിയോ മാപ്പിങ് സാങ്കേതികവിദ്യയെ വിർച്വൽ റിയാലിറ്റിയുമായി സമന്വയിപ്പിച്ച് ലോകമെമ്പാടുമുള്ള അത്ഭുതങ്ങളായിരിക്കും ലൈറ്റ് ഫെസ്റ്റിവലില്‍ ഉണ്ടാവുക.
മൂന്ന് ഇന്ററാക്ടീവ് ഷോകൾക്ക് പുറമെ ഷാര്‍ജ അൽ മജാസ് വാട്ടർഫ്രണ്ടിൽ രണ്ട് ഷോകളും, യൂണിവേഴ്‌സിറ്റി ഹാളിന്റെ മുൻവശത്ത് പ്രത്യേക ഷോകളും ഉണ്ടായിരിക്കുമെന്ന് ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്പ്‌മെന്റ് അതോറിറ്റി അറിയിച്ചു. ദിവസവും രാത്രി ഒമ്പതിന് ലൈറ്റ് ഷോകള്‍ക്കൊപ്പം പ്രത്യേക കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.
അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ, പൊലീസ് അക്കാദമി, ഷാർജ സർവകലാശാല, മുനിസിപ്പാലിറ്റി തുടങ്ങി 19 ഇടങ്ങളില്‍ പ്രകാശം കൊണ്ട് വിസ്മയങ്ങൾ വിരിയും.
യൂണിവേഴ്‌സിറ്റി സിറ്റി ഹാളിന് എതിർവശത്തും ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിക്ക് മുന്നിലും ഫുഡ്‌ട്രക്ക് സോണുണ്ടാകും. പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം ആറുമുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ആറുമുതൽ അർധരാത്രി 12 വരെയുമാണ് ലൈറ്റ് ഷോകൾ നടക്കുക. പ്രവേശനം സൗജന്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam