വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട ആഢംബര വാച്ച് എട്ടുമാസത്തിന് ശേഷം മറ്റൊരു രാജ്യത്ത് നിന്ന് കണ്ടെത്തി പൊലീസ്

By Web TeamFirst Published Oct 9, 2020, 2:22 PM IST
Highlights

മറ്റൊരു ഗള്‍ഫ് രാജ്യത്തിലുള്ള തന്റെ താമസസ്ഥലത്താണ് വാച്ച് സൂക്ഷിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് അവിടെയുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വാച്ച് പൊലീസിന് അയച്ചു നല്‍കാന്‍ അറിയിക്കുകയായിരുന്നു.

ഷാര്‍ജ: രാജ്യം വിടുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച് നഷ്ടപ്പെട്ട വിലയേറിയ വാച്ച് മാസങ്ങള്‍ക്ക് ശേഷം യുവതിക്ക് കൈമാറി ഷാര്‍ജ പൊലീസ്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് സ്വദേശി യുവതിക്ക് തന്റെ ആഢംബര വാച്ച് നഷ്ടപ്പെടുന്നത്. 

ഫെബ്രുവരിയിലാണ് വാച്ച് വിമാനത്താവളത്തില്‍ വെച്ച് നഷ്ടപ്പെട്ട വിവരം സ്വദേശി യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ അറിയിച്ചതെന്ന് എയര്‍പോര്‍ട്ട് പൊലീസ് വിഭാഗം മേധാവി ലഫ്റ്റണന്റ് കേണല്‍ മാതര്‍ സുല്‍ത്താന്‍ അല്‍ കിത്ബി പറഞ്ഞു. വിമാനത്താവളത്തിലെ ഒരു സുരക്ഷാ ചെക്ക്‌പോയിന്റില്‍ വെച്ചാണ് വാച്ച് നഷ്ടപ്പെട്ടത്.

പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. യുവതി സഞ്ചരിച്ച അതേ വിമാനത്തിലെ ഏഷ്യക്കാരനായ യാത്രക്കാരന്‍ സുരക്ഷാ പോയിന്റില്‍ വീണ വാച്ച് എടുക്കുകയും തന്റെ ബാഗില്‍ വെക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അധികൃതര്‍ കണ്ടെത്തി. ഏഷ്യക്കാരന്റെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ഇയാള്‍ എട്ട് മാസത്തിന് ശേഷം തിരികെ രാജ്യത്തെ ഒരു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.

വാച്ച് മോഷ്ടിച്ചെന്ന് സമ്മതിച്ച ഇയാള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മറ്റൊരു ഗള്‍ഫ് രാജ്യത്തിലുള്ള തന്റെ താമസസ്ഥലത്താണ് വാച്ച് സൂക്ഷിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് അവിടെയുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വാച്ച് പൊലീസിന് അയച്ചു നല്‍കാന്‍ അറിയിക്കുകയായിരുന്നു. വാച്ച് ലഭിച്ച ശേഷം പരാതിക്കാരിയുമായി ബന്ധപ്പെട്ട് ഇത് കൈമാറിയതായി പൊലീസ് അറിയിച്ചു. പൊലീസിന്റെ ആത്മാര്‍ത്ഥമായ സേവനത്തിന് കുടുംബം നന്ദി പറഞ്ഞു.


 

click me!