18 പ്രവാസികള്‍ക്ക് ഭക്ഷ്യവിഷബാധ; അധികൃതര്‍ റസ്റ്റോറന്റ് പൂട്ടിച്ചു

By Web TeamFirst Published Oct 3, 2019, 12:37 PM IST
Highlights

യുഎഇയില്‍ 18 പ്രവാസികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കമ്പനിയുടെ പത്താം വാര്‍ഷിക ദിനത്തില്‍ തൊഴിലാളികള്‍ക്കായി മാനേജ്മെന്റ് ഒരു റസ്റ്റോറന്റില്‍ ഭക്ഷണമൊരുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ തൊഴിലാളികള്‍ക്ക് ശാരീരിക ബുദ്ധുമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങി.

ഷാര്‍ജ: യുഎഇയിലെ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 18 പ്രവാസികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനി ജീവനക്കാരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് അധികൃതര്‍ റസ്റ്റോറന്റ് അടപ്പിച്ചു.

കമ്പനിയുടെ പത്താം വാര്‍ഷിക ദിനത്തില്‍ തൊഴിലാളികള്‍ക്കായി മാനേജ്മെന്റ് ഒരു റസ്റ്റോറന്റില്‍ ഭക്ഷണമൊരുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസം നേരത്തെ കമ്പനി മാനേജര്‍, റസ്റ്റോറന്റിലെ രണ്ട് ടേബിളുകള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ തൊഴിലാളികള്‍ക്ക് ശാരീരിക ബുദ്ധുമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഛര്‍ദിയും പനിയും വയറിളക്കവുമുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടമായതോടെ അല്‍ ഖാസിമി ആശുപത്രി അടക്കം ഷാര്‍ജയിലെ വിവിധ ആശുപത്രികളില്‍ തൊഴിലാളികളെ പ്രവേശിപ്പിച്ചു. അല്‍ ഖാസിമി ആശുപത്രി അധികൃതരാണ് അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. 13 തൊഴിലാളികളാണ് അല്‍ ഖാസിമി ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നത്. മറ്റ് ജീവനക്കാര്‍ അല്‍ കുവൈത്ത് ആശുപത്രിയിലാണുണ്ടായിരുന്നത്.

സ്ഥലത്തെത്തിയ പൊലീസ് സംഘം ആദ്യം തൊഴിലാളികളെയും പിന്നീട് റസ്റ്റോറന്റ് ജീവനക്കാരെയും ചോദ്യം ചെയ്ത ശേഷം മുനിസിപ്പാലിറ്റി അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് ഫോറന്‍സിക് സംഘവും മറ്റ് വിദഗ്ധരും ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചു. റസ്റ്റോറന്റ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയ മുനിസിപ്പാലിറ്റി, റസ്റ്റോറന്റ് അടച്ചുപൂട്ടാനും നിര്‍ദേശിച്ചു. വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കേസ് വിവരങ്ങള്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഭക്ഷണത്തില്‍ നിന്നുതന്നെയാണ് വിഷബാധയേറ്റതെന്ന് മുനിസിപ്പാലിറ്റിയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. റസ്റ്റോറന്റ് അധികൃതര്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്.

അതേസമയം വിഷബാധ എങ്ങനെയുണ്ടായെന്ന് അറിയില്ലെന്നാണ് റസ്റ്റോറന്റ് അധികൃതര്‍ പ്രതികരിച്ചത്. പലയിടങ്ങളിലും ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്നും ഇത് ആദ്യമായാണ് ഇത്തരമൊരും സംഭവം ഉണ്ടായതെന്നും അവര്‍ പറ‍ഞ്ഞു. തങ്ങള്‍ പഴകിയ ഭക്ഷണം ഉപയോഗിക്കാറില്ല. ബാക്കി വരുന്ന ഭക്ഷണം അന്നന്നുതന്നെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും മറ്റും വിതരണം ചെയ്യുകയാണ് പതിവ്. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസവും 250ലധികം പേര്‍ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും മറ്റാര്‍ക്കും ഇത്തരമൊരു പ്രശ്നവും അനുഭവപ്പെട്ടതായി പരാതിയുണ്ടായില്ലെന്നും റസ്റ്റോറന്റ് അധികൃതര്‍ പറയുന്നു.

എന്നാല്‍ ഭക്ഷണത്തിലെ ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് വിഷബാധയ്ക്ക് കാരണമായതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. ചികിത്സ തേടിയ തൊഴിലാളികളില്‍ ചിലര്‍ ഇപ്പോഴും ആശുപത്രിയിലാണ്.

click me!