ദൗത്യം പൂര്‍ത്തിയാക്കി യുഎഇയുടെ പ്രഥമ ബഹിരാകാശ യാത്രികന്‍ ഇന്ന് മടങ്ങിയെത്തും

By Web TeamFirst Published Oct 3, 2019, 11:23 AM IST
Highlights

യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി ഇന്ന് വൈകുന്നേരം മടങ്ങിയെത്തും. അമേരിക്കയുടെയും റഷ്യയുടെയും സഞ്ചാരികള്‍ക്കൊപ്പമാണ് മടക്കം.

ദുബായ്: എട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി ഇന്ന് വൈകുന്നേരം മടങ്ങിയെത്തും. യാത്ര തുടങ്ങിയ കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‍മോഡ്രോമില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ ചെസ്‍ഗാസ്‍ഗേനിലാണ് സോയൂസ് എം.എസ് 12 ബഹിരാകാശ വാഹനം ഇറങ്ങുന്നത്. 

യുഎഇ സമയം വൈകുന്നേരം 2.59നാണ് ഹസ്സ അല്‍ മന്‍സൂരി ഭൂമിയിലിറങ്ങുന്നത്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകന്‍ നിക് ഹേഗ്, റഷ്യയില്‍ നിന്നുള്ള അലക്സി ഒവ്ചിനിന്‍ എന്നിവരാണ് ഒപ്പം. മടക്കയാത്രയ്ക്കുള്ള നടപടികള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടങ്ങിക്കഴിഞ്ഞു. രാവിലെ യുഎഇ സമയം 10.30ന് സോയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടും. മൂന്ന് പേര്‍ ഭൂമിയിലേക്ക് തിരിക്കുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇനി ആറ് പേര്‍ മാത്രമാണുണ്ടാവുക. 

കസാഖിസ്ഥാനിലിറങ്ങുന്ന ഹസ്സയും സംഘവും അവിടെനിന്ന് മോസ്‍കോയിലേക്ക് പോകും. അവിടെവെച്ച് വിദഗ്ധ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. പിന്നീട് ഒക്ടോബര്‍ പകുതി വരെ മോസ്‍കോയില്‍ തങ്ങും. യുഎഇയിലേക്ക് എപ്പോള്‍ മടങ്ങിയെത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

click me!