വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഷാര്‍ജ ഭരണാധികാരിയുടെ മകന്റെ മൃതദേഹം ഖബറടക്കി - വീഡിയോ

By Web TeamFirst Published Jul 3, 2019, 5:52 PM IST
Highlights

ഷാര്‍ജ രാജകുടുംബാംഗങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും സാധാരണക്കാരുമടങ്ങുന്ന വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കിങ് ഫൈസല്‍ പള്ളിയില്‍ വെച്ചാണ് ബുധനാഴ്ച രാവിലെ മയ്യിത്ത് നമസ്കാരം നടന്നത്. 

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മൃതദേഹം ഖബറടക്കി. ഷാര്‍ജ രാജകുടുംബാംഗങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും സാധാരണക്കാരുമടങ്ങുന്ന വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കിങ് ഫൈസല്‍ പള്ളിയില്‍ വെച്ചാണ് ബുധനാഴ്ച രാവിലെ മയ്യിത്ത് നമസ്കാരം നടന്നത്. പിന്നീട് അല്‍ ജൂബൈലിലായിരുന്നു ഖബറടക്കം. 

രാജകുടുംബാംഗത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഷാര്‍ജയില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം മുതല്‍ മൂന്ന് ദിവസത്തേക്ക് ഷാര്‍ജ അല്‍ ബദീ കൊട്ടാരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖ നേതാക്കളെത്തും. മൂന്ന് ദിവസത്തേക്ക് യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. 

തിങ്കളാഴ്ച ലണ്ടനില്‍ വെച്ചാണ് ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മരിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയവര്‍ മരണത്തില്‍ അനുശോചനമര്‍പ്പിച്ചു. 
 

click me!