കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ബാച്ചിലര്‍മാര്‍ പുറത്ത്; നിരവധി കെട്ടിടങ്ങളില്‍ നോട്ടീസ് നല്‍കി

By Web TeamFirst Published Sep 30, 2020, 4:42 PM IST
Highlights

ഷാര്‍ജ ടെലിവിഷന്‍ ആന്റ് റേഡിയോയുടെ തത്സമയ പരിപാടിയില്‍ ഒരു സ്വദേശി വനിത പരാതി പറഞ്ഞതോടെയാണ് അടിയന്തര നടപടി എടുക്കാന്‍ ഭരണാധികാരി ഉത്തരവിട്ടത്. പ്രദേശത്ത് നിരവധി തൊഴിലാളികളും ബാച്ചിലര്‍മാരും കൂട്ടംകൂടി നില്‍ക്കുന്നത് സുരക്ഷ സംബന്ധിച്ച ആശങ്കകളുണ്ടാക്കുന്നെന്നായിരുന്നു പരാതി.

ഷാര്‍ജ: ഷാര്‍ജയിലെ ഖാദിസിയയില്‍ നിന്ന് ബാച്ചിലര്‍മാരെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ഊര്‍ജിതമാക്കി. ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുനിന്ന് ബാച്ചിലര്‍മാരെയും തൊഴിലാളികളെയും ഒഴിവാക്കുന്നത്. ഖാദിസിയയില്‍ മാത്രമായി നടപടി ചുരുങ്ങില്ലെന്നും കുടുംബങ്ങള്‍ താമസിക്കുന്ന മറ്റ് സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

ഷാര്‍ജ ടെലിവിഷന്‍ ആന്റ് റേഡിയോയുടെ തത്സമയ പരിപാടിയില്‍ ഒരു സ്വദേശി വനിത പരാതി പറഞ്ഞതോടെയാണ് അടിയന്തര നടപടി എടുക്കാന്‍ ഭരണാധികാരി ഉത്തരവിട്ടത്. പ്രദേശത്ത് നിരവധി തൊഴിലാളികളും ബാച്ചിലര്‍മാരും കൂട്ടംകൂടി നില്‍ക്കുന്നത് സുരക്ഷ സംബന്ധിച്ച ആശങ്കകളുണ്ടാക്കുന്നെന്നായിരുന്നു പരാതി. ഇതോടെയാണ് പ്രാദേശത്ത് നിന്ന് എല്ലാ ബാച്ചിലര്‍മാരെയും തൊഴിലാളികളെയും നീക്കാന്‍ ഭരണാധികാരി ഷാര്‍ജ പൊലീസിനും മുനിസിപ്പാലിറ്റിക്കും നിര്‍ദേശം നല്‍കിയത്.

പ്രദേശത്തെ അറുപതിലധികം വീടുകള്‍ക്ക് നോട്ടീസ് നല്‍കി. നിരവധി താമസ നിയമ ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബാച്ചിലര്‍മാര്‍, തൊഴിലാളികള്‍, നിയമലംഘകര്‍, വിവാഹിതരല്ലാതെ ഒരുമിച്ച് താമസിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരെ എല്ലാം ഒഴിപ്പിക്കും. നിയമം അനുസരിക്കാത്തവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കും. എന്നാല്‍ ഏത് രാജ്യക്കാരായാലും കുടുംബങ്ങളോടൊപ്പം താമസിക്കുന്നവര്‍ക്ക് ഇവിടെ തുടരാം. അല്‍ ഖാദിസിയക്ക് ശേഷം അല്‍ നസെരിയ, മൈസലൂന്‍, അല്‍ ഫൈഹ എന്നിവിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് നീക്കം.

click me!