കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റു

By Web TeamFirst Published Sep 30, 2020, 2:57 PM IST
Highlights

സ്ഥാനമേറ്റെടുത്തുകൊണ്ട് നാഷണല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവേ ശൈഖ് നവാഫ് വികാരാധീനനായി. കുവൈത്തിലെ ജനങ്ങള്‍ തങ്ങളിലര്‍പ്പിക്കുന്ന വിശ്വാസത്തെ ജീവനുതുല്യം സംരക്ഷിക്കുമെന്ന് അദ്ദേഹം അധികാരമേറ്റെടുത്ത ശേഷം പ്രഖ്യാപിച്ചു. 

കുവൈത്ത് സിറ്റി: ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് കുവൈത്ത് അമീറായി സ്ഥാനമേറ്റു. ബുധനാഴ്‍ച നാഷണല്‍ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ വെച്ച് അദ്ദേഹം ഭരണഘടനാ പ്രതിജ്ഞ ചെയ്‍താണ് അധികാരമേറ്റു. ഇന്നലെ അന്തരിച്ച അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ അര്‍ദ്ധസഹോദരനാണ് ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

സ്ഥാനമേറ്റെടുത്തുകൊണ്ട് നാഷണല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവേ ശൈഖ് നവാഫ് വികാരാധീനനായി. കുവൈത്തിലെ ജനങ്ങള്‍ തങ്ങളിലര്‍പ്പിക്കുന്ന വിശ്വാസത്തെ ജീവനുതുല്യം സംരക്ഷിക്കുമെന്ന് അദ്ദേഹം അധികാരമേറ്റെടുത്ത ശേഷം പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിച്ചും മാസ്‍ക് ധരിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇന്ന് നാഷണല്‍ അസംബ്ലിയുടെ പ്രത്യേക യോഗം ചേര്‍ന്നത്. 

ചൊവ്വാഴ്‍ച അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മൃതദേഹം അമേരിക്കയില്‍ നിന്ന് ബുധനാഴ്‍ച കുവൈത്തിലെത്തിക്കും. ചൊവ്വാഴ്‍ച അമീരി ദിവാനില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. പ്രത്യേക സാഹചര്യം പരിഗണിച്ച് മരണാന്തര ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അമീറിന്റെ വിയോഗത്തെ തുടർന്ന് കുവൈത്ത് മൂന്ന് ദിവസത്തെ പൊതു അവധിയും 40 ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചിരിക്കുകയാണ്.

click me!