യുഎഇയില്‍ 161 പേര്‍ക്ക് അടിയന്തരമായി ജോലി നല്‍കാന്‍ ഭരണാധികാരിയുടെ ഉത്തരവ്

By Web TeamFirst Published Sep 26, 2019, 3:17 PM IST
Highlights

സ്വദേശികളായ 75 പുരുഷന്മാര്‍ക്കും 86 സ്ത്രീകള്‍ക്കും ഉടന്‍ ജോലി നല്‍കാന്‍ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് തീരുമാനം.

ഷാര്‍ജ: മാനുഷിക പരിഗണന മുന്‍നിര്‍ത്തി 161 പേര്‍ക്ക് അടിയന്തരമായി ജോലി നല്‍കാന്‍ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. ഇതനുസരിച്ച് 75 പുരുഷന്മാര്‍ക്കും 86 സ്ത്രീകള്‍ക്കും ഷാര്‍ജയില്‍ ഉടന്‍ ജോലി ലഭിക്കും.

കുറഞ്ഞവരുമാനക്കാരാണെന്ന് പരിശോധനയില്‍ കണ്ടെത്തിയ 99 കുടുംബങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിമാസം 20,000 ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ളവരെയാണ് കുറഞ്ഞ വരുമാനക്കാരായി കണക്കാക്കിയത്. ഗൃഹനാഥന്‍ മരണപ്പെട്ടതിനാല്‍ മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതായ 47 കുടുംബങ്ങളും വിവാഹമോചിതരായശേഷം മറ്റ് വരുമാനമാര്‍ഗങ്ങളില്ലാതായ 14 സ്ത്രീകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഭര്‍ത്താവിന്റെ അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന ഒരു സ്ത്രീയ്ക്കും പ്രത്യേക പരിഗണന നല്‍കി ജോലി നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഷാര്‍ജയിലെ എല്ലാ പൗരന്മാരെയും ഉള്‍പ്പെടുത്തി തൊഴില്‍ സര്‍വേ നടത്താന്‍ നേരത്തെ ഭരണാധികാരി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഷാര്‍ജ ഹ്യൂമണ്‍ റിസോഴ്സസ് ഡയറക്ടറേറ്റ് വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് അടിയന്തരമായി ജോലി നല്‍കേണ്ടവരെ കണ്ടെത്തിയത്. 

click me!