ദുബായില്‍ ശമ്പളം കൂടും; പുതിയ ശമ്പള നയത്തിന് അംഗീകാരം നല്‍കി ശൈഖ് ഹംദാന്‍

By Web TeamFirst Published Jan 20, 2020, 10:00 PM IST
Highlights

പുതിയ ശമ്പള പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശരാശരി പത്ത് ശതമാനം ശമ്പളവര്‍ദ്ധനവ് ലഭിക്കും. പ്രൊഫഷണല്‍ ജീവനക്കാര്‍ക്ക് ഒന്‍പത് മുതല്‍ 16 ശതമാനം വരെ ശമ്പളം വര്‍ദ്ധിക്കും. ഇതോടൊപ്പം ജോലി സമയത്തിലെ ഇളവുകള്‍, ടെലി വര്‍ക്ക്, പാര്‍ട്ട്ടൈം ജോലിയ്ക്കുള്ള സൗകര്യം തുടങ്ങിയവയും പുതിയ നയത്തിലുണ്ട്.

ദുബായ്: ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള, ഇന്‍ക്രിമെന്റ് നയത്തിന് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 2020 ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായി മാനവവിഭവശേഷി സമഗ്രമായി ഉപയോഗപ്പെടുത്തുന്നതില്‍ ദുബായിയെ ഒരു മാതൃകയാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായാണ് പുതിയ ശമ്പളഘടനയ്ക്ക് രൂപം നല്‍കിയതെന്ന് കിരീടാവകാശി പറഞ്ഞു. വിവിധ രംഗങ്ങളില്‍ മികച്ച പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ യുഎഇക്ക് സാധിക്കുന്നത് മനുഷ്യവിഭവശേഷിയിലുള്ള വിശ്വാസം കൊണ്ടാണ്. സര്‍ക്കാറിന്റെ മാനവവിഭവശേഷി വികസിപ്പിക്കാനും ജീവനക്കാരുടെ സന്തോഷത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന നല്‍കാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ ശമ്പള പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശരാശരി പത്ത് ശതമാനം ശമ്പളവര്‍ദ്ധനവ് ലഭിക്കും. പ്രൊഫഷണല്‍ ജീവനക്കാര്‍ക്ക് ഒന്‍പത് മുതല്‍ 16 ശതമാനം വരെ ശമ്പളം വര്‍ദ്ധിക്കും. ഇതോടൊപ്പം ജോലി സമയത്തിലെ ഇളവുകള്‍, ടെലി വര്‍ക്ക്, പാര്‍ട്ട്ടൈം ജോലിയ്ക്കുള്ള സൗകര്യം തുടങ്ങിയവയും പുതിയ നയത്തിലുണ്ട്. പുതിയതായി ബിരുദം നേടുന്ന സ്വദേശിക്കുള്ള മിനിമം ശമ്പളവും നിജപ്പെടുത്തിയിട്ടുണ്ട്. റിസ്ക് അലവന്‍സ്, എയര്‍ ടിക്കറ്റ് അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

സ്ഥാനക്കയറ്റത്തിനുള്ള തുറന്ന അവസരങ്ങള്‍, സുതാര്യത, ബജറ്റ് വിനിയോഗ നിയന്ത്രണം, തൊഴിലാളികളില്‍ മത്സരക്ഷമതയും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആവശ്യമായ ആസൂത്രണവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയും പുതിയ നയത്തിന്റെ ഭാഗമാണ്. കരിയര്‍ ഗ്രേഡ് പ്രേസ്‍മെന്റ് കമ്മിറ്റിയെന്ന പേരില്‍ പുതിയൊരു സമിതിക്കും കിരീടാവകാശി രൂപം നല്‍കിയിട്ടുണ്ട്. വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി ശമ്പള പരിഷ്കരണത്തിന്റെ വിശദാംശങ്ങള്‍ നിര്‍ണയിക്കുന്നത് ഈ കമ്മിറ്റിയായിരിക്കും. 

click me!