യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരിശോധിച്ച് റാങ്ക് നല്‍കും; പ്രഖ്യാപനവുമായി ശൈഖ് മുഹമ്മദ്

By Web TeamFirst Published Jul 1, 2019, 4:44 PM IST
Highlights

ഗവണ്‍മെന്റ് സര്‍വീസ് സെന്ററുകള്‍ പരിശോധിച്ച് അവയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന അഞ്ച് സ്ഥാപനങ്ങളുടെയും ഏറ്റവും മോശമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളുടെയും പേരുകള്‍ സെപ്‍തംബര്‍ 14ന് പ്രഖ്യാപിക്കുമെന്നാണ് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചത്. 

ദുബായ്: യുഎഇയിലെ 600 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ഗവണ്‍മെന്റ് സര്‍വീസ് സെന്ററുകള്‍ പരിശോധിച്ച് അവയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന അഞ്ച് സ്ഥാപനങ്ങളുടെയും ഏറ്റവും മോശമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളുടെയും പേരുകള്‍ സെപ്‍തംബര്‍ 14ന് പ്രഖ്യാപിക്കുമെന്നാണ് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചത്. സേവനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് എല്ലാ ഉദ്യോഗസ്ഥരെയും അറിയിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. 

ഇത് ആദ്യമായല്ല ശൈഖ് മുഹമ്മദ് യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്. 2016ല്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാന്റ്സ് ഡിപ്പാര്‍ട്ട്മെന്റ്, ഇക്കണോമിക് ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ ഓഫീസുകളികളാണ് അദ്ദേഹം അപ്രതീക്ഷിതമായെത്തി പരിശോധന നടത്തിയത്. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡയറക്ടര്‍മാരും സമയത്ത് ഓഫീലെത്തുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ എമിറേറ്റ്സ് പോസ്റ്റ് സെന്ററില്‍ ജനങ്ങള്‍ സേവനങ്ങള്‍ക്കായി ക്യൂ നില്‍ക്കുന്നതിന്റെ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ദുബായില്‍  ലഭിക്കേണ്ടത് ഈ നിലവാരത്തിലുള്ള സേവനമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

click me!