Shindagha Tunnel : ഷിന്ദഗ ടണലിലൂടെ ഒരു ദിശയിലേക്കുള്ള ഗതാഗതത്തിന് നാളെ മുതല്‍ വിലക്ക്

By Web TeamFirst Published Jan 15, 2022, 10:53 PM IST
Highlights

ഇന്‍ഫിനിറ്റി പാലവും പുതിയ പാലങ്ങളും അല്‍ ഷിന്ദഗ ടണലുമായി ബന്ധിപ്പിക്കാനുള്ള ജോലികളുടെ ഭാഗമായാണ് ക്രമീകരണം. ഇന്‍ഫിനിറ്റി പാലം വഴി മണിക്കൂറില്‍ 24,000 വാഹനങ്ങള്‍ക്ക് കടന്നുപോകാം. 

ദുബൈ: ഷിന്ദഗ ടണലില്‍ (Shindagha Tunnel )ദെയ്‌റയില്‍ നിന്ന് ബര്‍ദുബൈയിലേക്കുള്ള ദിശയില്‍ നാളെ മുതല്‍ രണ്ട് മാസത്തേക്ക് ഗതാഗതം നിരോധിച്ചതായി ആര്‍ടിഎ അറിയിച്ചു. ഇന്‍ഫിനിറ്റി പാലം നാളെ തുറക്കുന്നതിനോട് അനുബന്ധിച്ചാണിത്. 

ഇന്‍ഫിനിറ്റി പാലവും പുതിയ പാലങ്ങളും അല്‍ ഷിന്ദഗ ടണലുമായി ബന്ധിപ്പിക്കാനുള്ള ജോലികളുടെ ഭാഗമായാണ് ക്രമീകരണം. ഇന്‍ഫിനിറ്റി പാലം വഴി മണിക്കൂറില്‍ 24,000 വാഹനങ്ങള്‍ക്ക് കടന്നുപോകാം. ദെയ്‌റ ഐലന്‍ഡില്‍ നിന്ന് ബര്‍ദുബൈയിലേക്ക് ഷിന്ദഗ ടണല്‍ വഴി പോയിരുന്നവര്‍ ഇന്‍ഫിനിറ്റി പാലത്തിലൂടെ ബര്‍ദുബൈ, ജുമൈറ ഭാഗത്തേക്ക് കോര്‍ണിഷ് സ്ട്രീറ്റിലെ പുതിയ ഫ്‌ലൈ ഓവര്‍ വഴി യാത്ര ചെയ്യണം. അബൂബക്കര്‍ അല്‍ സിദ്ദിഖ് സ്ട്രീറ്റില്‍ നിന്നുള്ള വാഹനങ്ങള്‍ അല്‍ ഖലീജ് സ്ട്രീറ്റ് ജങ്ഷന്‍ വഴി ഇന്‍ഫിനിറ്റി പാലത്തിലൂടെ ബര്‍ദുബൈ, ജുമൈറ ഭാഗത്തേക്ക് കോര്‍ണിഷ് സ്ട്രീറ്റിലെ പുതിയ ഫ്‌ലൈ ഓവര്‍ വഴി പോകണം.

അല്‍ മംസാറില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അല്‍ ഖലീജ് സ്ട്രീറ്റ്, അബൂബക്കര്‍ സിദ്ദിഖ് ജങ്ഷന്‍ വഴി ഇന്‍ഫിനിറ്റി പാലത്തിലേക്ക് പോകണം. ഒമര്‍ ബിന്‍ ഖത്തബ് ജങ്ഷന്‍ വഴിയുള്ള വാഹനങ്ങള്‍ കോര്‍ണിഷ് സ്ട്രീറ്റ്, ഇന്‍ഫിനിറ്റി  പാലം വഴി പുതിയ ഫ്‌ലൈ ഓവര്‍ കടന്ന് ബര്‍ദുബൈ, ജുമൈറ ഭാഗത്തേക്ക് പോകണം. മുസല്ല ജങ്ഷനില്‍ നിന്നുള്ള വാഹനങ്ങള്‍ ഒമര്‍ ബിന്‍ അല്‍ ഖത്തബ് ജങ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് ഇന്‍ഫിനിറ്റി പാലത്തിലേക്കോ അല്‍ മുസല്ല സ്ട്രീറ്റിലേക്കോ പോകണം. ശേഷം ഇന്‍ഫിനിറ്റി പാലത്തിലേക്കുള്ള കോര്‍ണിഷ് സ്ട്രീറ്റിലേക്ക് ഇന്റര്‍സെക്ഷന്‍ ജെഎന്‍ 13 വഴി പോകാം. ദെയ്‌റ ഐലന്‍ഡ് മെട്രോ സ്‌റ്റേഷനില്‍ നിന്നും ബസ് സ്‌റ്റേഷനില്‍ നിന്നുമുള്ള വാഹനങ്ങള്‍ കോര്‍ണിഷ് സ്ട്രീറ്റിലേക്കും ഇന്‍ഫിനിറ്റി പാലത്തിലേക്കും കോര്‍ണിഷ് സ്ട്രീറ്റിലെ പുതിയ ഫ്‌ലൈ ഓവറിന്റെ അടിയിലെ സര്‍ഫസ് റോഡിലൂടെ പോകാം.
 

click me!