സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് തടയുന്ന നിയമത്തിന് ശൂറാ കൗണ്‍സില്‍ അംഗീകാരം

By Web TeamFirst Published Jul 14, 2020, 6:24 PM IST
Highlights

ബിനാമി ഇടപാടിനെക്കുറിച്ച് വിവരം നല്‍കല്‍ ലളിതമാക്കുക, വിവരം നല്‍കുന്നവര്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുക, വിവരം നല്‍കാന്‍ സ്വദേശി പൗരന്മാരെ പ്രോത്സാഹിപ്പിക്കുക, ശിക്ഷ കടുപ്പിക്കുക എന്നിവ പുതിയ നിയമത്തിന്റെ ഭാഗമായിരിക്കും.

റിയാദ്: ബിനാമി ബിസിനസ് തടയുന്ന നിയമവും പ്രതിരോധിക്കാനുള്ള നടപടികളും അടങ്ങുന്ന വ്യവസ്ഥക്ക് സൗദി ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. തിങ്കളാഴ്ച് ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗമാണ് രാജ്യത്തിന്റെ സാമ്പത്തിക ഘടനയില്‍ നിര്‍ണായക മാറ്റത്തിന് ഇടയാക്കുന്ന സുപ്രധാന നിയമവ്യവസ്ഥയെ അംഗീകരിച്ചത്. സ്വകാര്യ വ്യാപാര രംഗത്തെ ബിനാമി ഇടപാടുകള്‍ ഫലപ്രദമായി തടയാനുള്ള വിവിധ മാര്‍ഗങ്ങള്‍ അടങ്ങുന്നതാണ് പദ്ധതി. 

ബിനാമി ഇടപാടിനെക്കുറിച്ച് വിവരം നല്‍കല്‍ ലളിതമാക്കുക, വിവരം നല്‍കുന്നവര്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുക, വിവരം നല്‍കാന്‍ സ്വദേശി പൗരന്മാരെ പ്രോത്സാഹിപ്പിക്കുക, ശിക്ഷ കടുപ്പിക്കുക എന്നിവ പുതിയ നിയമത്തിന്റെ ഭാഗമായിരിക്കും. സൗദി വിപണിയില്‍ നിലനില്‍ക്കുന്ന നിയമവിരുദ്ധ നടപടികള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ബിനാമി ഇടപാടിനെ ശക്തമായി നേരിടാന്‍ സൗദി പാര്‍ലമെന്റായ ശൂറാ കൗണ്‍സില്‍ തീരുമാനിച്ചത്.

സ്വദേശികളുടെ ചില്ലറ വില്‍പന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ചില്ലറ വില്‍പന മേഖല കുറ്റമറ്റതാക്കുക, ബിനാമി ഇടപാടിന്റെ കവാടങ്ങള്‍ കൊട്ടിയടക്കുക, ബിനാമിയിലേക്ക് നയിച്ചേക്കാവുന്ന നീക്കങ്ങള്‍ ഇല്ലാതാക്കുക എന്നിവയും പുതിയ വ്യവസ്ഥയുടെ ഭാഗമായിരിക്കും. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥക്ക് ബിനാമി ഇടപാട് വന്‍ നഷ്ടം വരുത്തുന്നുണ്ടെന്നും ചില വിപണികളെ ബിനാമി കാര്‍ന്ന് തിന്നുകയാണെന്നും ശൂറാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് 24 ശതമാനമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍

click me!