
അബുദാബി: യുഎഇയില്‍ താമസരേഖകള്‍ പുതുക്കി നിയമാനുസൃതമാക്കുന്നതിനുള്ള സമയപരിധി ആറ് ദിവസങ്ങള്‍ കൂടി മാത്രം. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഇത് പുതുക്കാന്‍ നല്‍കിയ സമയം പിന്നീട് നീട്ടുകയായിരുന്നു.
ഒക്ടോബര്‍ 11 വരെയാണ് വിസയും അനുബന്ധരേഖകളും നിയമാനുസൃതമാക്കാനുള്ള സമയപരിധി. ഒക്ടോബര്‍ 12ന് മുമ്പ് വിസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് അധികൃതരുടെ അറിയിപ്പ്. വിസ പുതുക്കുന്നതിന് മുന്നോടിയായി താമസക്കാര്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാകണം. താമസരേഖ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഒക്ടോബര്‍ 12 മുതല്‍ ഓരോ ദിവസവും 25 ദിര്‍ഹം വീതം പിഴ ഈടാക്കും. കൂടാതെ രാജ്യം വിടുമ്പോള്‍ 250 ദിര്‍ഹം അധികമായി നല്‍കുകയും വേണം. എമിറേറ്റ്‌സ് ഐഡി പുതുക്കാത്തവര്‍ക്ക് ദിവസേന 20 ദിര്‍ഹം വീതമാണ് പിഴ നല്‍കേണ്ടി വരിക.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് പോര്‍ട്ടല്‍ വഴി വിസ സാധുത പരിശോധിക്കുന്നതിനായി www.ica.gov.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മാര്‍ച്ച് ഒന്നിന് ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഇത് പുതുക്കാന്‍ ജൂലൈ വരെയാണ് ആദ്യം സമയം നല്‍കിയത്. പിന്നീട് മൂന്ന് മാസം കൂടി നീട്ടി നല്‍കുകയായിരുന്നു.
അതേസമയം കൂടുതല്‍ ഇളവുകളുടെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിച്ച് തുടങ്ങാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് തിങ്കളാഴ്ച ഫെഡറല്‍ അതിറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും തൊഴില്‍ വിസകള്‍ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam