സുഹൃത്തിനെ ചായ കുടിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം പൂട്ടിയിട്ട് മര്‍ദിച്ചു; ആറ് പ്രവാസികള്‍ക്ക് ശിക്ഷ

By Web TeamFirst Published Nov 16, 2021, 4:05 PM IST
Highlights

സുഹൃത്തിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ആറ് പ്രവാസികള്‍ക്ക് ഒരു വര്‍ഷം തടവ്. കടം കൊടുത്ത പണം തിരികെ കിട്ടാനായിരുന്നു മര്‍ദനം

ദുബൈ: കടം വാങ്ങിയ പണം തിരികെ കിട്ടാനായി സുഹൃത്തിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ആറ് പ്രവാസികള്‍ക്ക് ഒരു വര്‍ഷം തടവ്. ദുബൈ ക്രിമിനല്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. സുഹൃത്തായ യുവാവിനെ ചായ കുടിക്കാനെന്ന പേരില്‍ പ്രതികള്‍ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മര്‍ദനം. ശിക്ഷ അനുഭവിച്ച ശേഷം എല്ലാ പ്രതികളെയും നാടുകടത്തും.

മര്‍ദനമേറ്റ യുവാവ് പ്രതികളിലൊരാള്‍ക്ക് പണം തിരികെ കൊടുക്കാനുണ്ടായിരുന്നു. ഇത് കിട്ടാന്‍ വേണ്ടിയാണ് അഞ്ച് സുഹൃത്തുക്കളെ ഒപ്പം കൂട്ടി മര്‍ദിച്ചതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. മുഖ്യപ്രതിയോടൊപ്പം കാറിലാണ് മര്‍ദനമേറ്റ യുവാവും വില്ലയിലെത്തിയത്.  തുടര്‍ന്ന് അഞ്ച് ദിവസം അവിടെ പൂട്ടിയിട്ട് മര്‍ദിച്ചു. മോചിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

കടം വാങ്ങിയ പൈസ ഉപയോഗിച്ച് രണ്ട് ലക്ഷത്തോളം ദിര്‍ഹത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി അവ സ്വന്തം നാട്ടിലേക്ക് വില്‍പനയ്‍ക്ക് അയച്ചുവെന്നുമാണ് യുവാവ് പറയുന്നത്. എന്നാല്‍ അവിടെ അവ കസ്റ്റംസ് പിടിച്ചുവെച്ചു. നാട്ടിലുള്ള ബന്ധുക്കളെ വിളിച്ച് 50,000 ദിര്‍ഹം എത്രയും വേഗം എത്തിച്ചാല്‍ തന്നെ മോചിപ്പിക്കാമെന്നായിരുന്നു വാഗ്ദാനമെന്നും ഇയാള്‍ പറഞ്ഞു.

ഇതനുസരിച്ച് യുവാവ് നാട്ടിലുള്ള സഹോദരനെ ഫോണില്‍ വിളിച്ച് തന്നെ പൂട്ടിയിട്ടിരിക്കുന്ന സ്ഥലവും മറ്റും അറിയിച്ചുകൊടുത്തു. സഹോദരനാവട്ടെ ഇക്കാര്യം ദുബൈയിലുള്ള മറ്റൊരു സുഹൃത്തിനെ അറിയിച്ചു. ഇയാളാണ് പൊലീസിന് വിവരം കൈമാറിയത്. നിരവധിപ്പേര്‍ ചേര്‍ന്ന് ഒരാളെ വില്ലയില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും ഇതനുസരിച്ച് അവിടെയെത്തി പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ദുബൈ പൊലീസ് അറിയിച്ചു.  

click me!