
സിഡ്‍നി: ദോഹയിലെ ഹമദ് വിമാനത്താവളത്തില്‍ വെച്ച് നഗ്നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ അധികൃതര്‍ക്കെതിരെ നിയമനടപടിയുമായി ഓസ്‍ട്രേലിയന്‍ സ്വദേശിനികള്‍. 2020ല്‍ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ നിന്ന് ഒരു നവജാത ശിശുവിനെ കണ്ടെടുത്തതിന് പിന്നാലെ കുട്ടിയുടെ അമ്മ ആരാണെന്ന് കണ്ടെത്താനായിരുന്നു അധികൃതര്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാ സ്‍ത്രീകളെയും ശാരീരിക പരിശോധനയ്‍ക്ക് വിധേയമാക്കിയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ ഖത്തര്‍ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും വിചാരണ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്താവളത്തിലെ ഒരു ജീവനക്കാരന് ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ അതിന് ശേഷം സംഭവത്തില്‍ പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അന്ന് പരിശോധനയ്‍ക്ക് വിധേയരാകേണ്ടി വന്ന സ്‍ത്രീകളുടെ ആരോപണം.
അധികൃതരുടെ അനുമതിയോടെ നടത്തിയ അതിക്രമമായിരുന്നുവെന്ന് സ്‍ത്രീകള്‍ പറഞ്ഞു. ഖത്തര്‍ എയര്‍വേയ്‍സ് വിമാനത്തില്‍ കയറി യാത്രയ്‍ക്ക് തയ്യാറായിരിക്കുകയായിരുന്ന സ്‍ത്രീകളെ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തിറക്കുകയും വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്ന ആംബുലന്‍സുകളിലേക്ക് മാറ്റി നഴ്‍സുമാര്‍ ശാരീരിക പരിശോധന നടത്തുകയുമായിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും അനുമതിയില്ലാതെയാണ് ശാരീരിക പരിശോധന നടത്തിയതെന്നും സ്‍ത്രീകള്‍ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും ഭീതിജനകമായ ഒരു സംഭവമായിരുന്നു അതെന്നും സ്‍ത്രീകള്‍ ആരോപിച്ചു. പരിശോധനയ്‍ക്ക് ശേഷം സ്‍ത്രീകളെ തിരികെ വിമാനത്തില്‍ കയറ്റി യാത്ര ചെയ്യാന്‍ അനുവദിച്ചു. വിമാനം ഓസ്‍ട്രേലിയയില്‍ എത്തിയപ്പോള്‍ തന്നെ സ്‍ത്രീകളില്‍ പലരും പൊലീസില്‍ പരാതിപ്പെടുകയും ചെയ്‍തു.
സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഖത്തര്‍ പ്രധാനമന്ത്രി ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനി ട്വിറ്ററിലൂടെ ഖേദം പ്രകടിപ്പിച്ചു. വനിതാ യാത്രക്കാരോടുണ്ടായത് ഒരിക്കലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയായിരുന്നുവെന്നും അത് ഖത്തറിന്റെ നിയമങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശേഷം ക്രിമിനല്‍ നിയമനടപടി ആരംഭിച്ച ഖത്തര്‍ അധികൃതര്‍ ഒരു വിമാനത്താവള ജീവനക്കാരന് ജയില്‍ ശിക്ഷയും വിധിച്ചു. സംഭവം അറബ് ലോകത്തും പുറത്തും വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്‍തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam