ബിസിനസുകാരന്റെ വീട്ടില്‍ കയറി പൊലീസ് ചമഞ്ഞ് 'റെയ്ഡ്'; പ്രവാസികള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Jan 27, 2023, 2:58 PM IST
Highlights

എന്ത് ജോലിയാണ് ചെയ്യുന്നതെന്നും പണം എവിടെയാണ് സൂക്ഷിക്കുന്നതും ഉള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ ഇവര്‍ ചോദിച്ചു. ഇതിന് മറുപടി പറഞ്ഞ വീട്ടുടമ, വീട്ടിലുണ്ടായിരുന്ന 4,70,000 ദിര്‍ഹം എടുത്ത് സംഘത്തെ കാണിച്ചു. 

ദുബൈ: പൊലീസ് ചമഞ്ഞ് ബിസിനസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ സംഭവത്തില്‍ പ്രവാസികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് യുഎഇയില്‍ ജയില്‍ ശിക്ഷ. കുങ്കുമപൂവ് വ്യാപാരിയുടെ വീട്ടില്‍ നിന്ന് 4.7 ലക്ഷം ദിര്‍ഹമാണ് ഇവര്‍ കൊള്ളയടിച്ചത്. ദുബൈയിലെ നൈഫ് ഏരിയയില്‍ ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം.

ബിസിനസുകാരന്‍ വീട്ടിലുണ്ടായിരുന്ന സമയത്താണ് മൂന്നംഗ സംഘം അവിടേക്ക് അതിക്രമിച്ച് കയറിയത്. വാതിലില്‍ മുട്ടിയ ഇവര്‍ തങ്ങള്‍ പൊലീസുകാരാണെന്ന് പറഞ്ഞ് തിരിച്ചറിയല്‍ രേഖയായി ഒരു ഗ്രീന്‍ ബാഡ്‍ജ് കാണിക്കുകയും ചെയ്‍തു. എന്ത് ജോലിയാണ് ചെയ്യുന്നതെന്നും പണം എവിടെയാണ് സൂക്ഷിക്കുന്നതും ഉള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ ഇവര്‍ ചോദിച്ചു. ഇതിന് മറുപടി പറഞ്ഞ വീട്ടുടമ, വീട്ടിലുണ്ടായിരുന്ന 4,70,000 ദിര്‍ഹം എടുത്ത് സംഘത്തെ കാണിച്ചു. അപ്പോള്‍ തന്നെ പണം കൈക്കലാക്കുകയും സംഘത്തിലെ ഒരാള്‍ വീട്ടുടമയെ മര്‍ദിച്ച് മുറിയില്‍ തള്ളുകയും ചെയ്‍ത ശേഷം എല്ലാവരും സ്ഥലംവിട്ടു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ്, സംഘത്തിലെ ഒരു അറബ് പൗരനെ തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടി പരിശോധന നടത്തിയപ്പോള്‍ തട്ടിയെടുത്ത പണം കണ്ടെടുക്കുകയും ചെയ്‍തു. ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സംഘത്തിലെ മറ്റുള്ളവര്‍ എവിടെയാണുള്ളതെന്നും ഇയാള്‍ പറഞ്ഞുകൊടുത്തു. തുടര്‍ന്ന് എല്ലാവരും അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ അവരും കുറ്റം സമ്മതിച്ചു. കേസിന്റെ വിചാരണ നടത്തിയ ദുബൈ ക്രിമിനല്‍ കോടതി, പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചു. ആറ് മാസത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തും.

Read also: യുവാവിനെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തിന് വധശിക്ഷ

click me!