Latest Videos

സൗദി അറേബ്യയിലും വലയ സൂര്യഗ്രഹണം ദൃശ്യമായി; ആകാശ വിസ്മയമെത്തിയത് 97 വര്‍ഷങ്ങള്‍ക്ക് ശേഷം

By Web TeamFirst Published Dec 26, 2019, 3:54 PM IST
Highlights

ചന്ദ്രന്റെ നിഴൽ കേന്ദ്രം കടന്നു പോകുന്ന അറബ് ലോകത്തെ ഏക പ്രദേശം സൗദിയിലെ ഹൊഫൂഫാണ്

റിയാദ്: സൗര വിസ്മയം സൗദി അറേബ്യയിലും ദൃശ്യമായി. വ്യാഴാഴ്ച പുലർന്നത് മരുഭൂ നാടുകളും വലയ സൂര്യഗ്രഹണം കണ്ടുകൊണ്ടായിരുന്നു. വലയ സൂര്യഗ്രഹണത്തിന്റെ ദൃശ്യസൗന്ദര്യം സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ കണ്ടാസ്വദിച്ചു. സൂര്യനെ വലയം വെച്ചുള്ള സുന്ദരമായ ദൃശ്യങ്ങൾ ആയിരകണക്കിന് ആളുകളെ ആകർഷിച്ചു. 

സൗദി അറേബ്യ കൂടാതെ ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലും ഈ അപൂർവ പ്രതിഭാസത്തിന് ജനം സാക്ഷിയായി. 97 വർഷത്തിന് ശേഷം ഇതാദ്യമായാണ് സൗദി അറേബ്യയിലുള്ളവർക്ക് വലയ സൂര്യഗ്രഹണം കാണാനായത്. 2020 ജൂൺ 21ന് അടുത്ത വലയ സൂര്യഗ്രഹണം സൗദിയിൽ വീണ്ടും ദർശിക്കാനാകും. വ്യാഴാഴ്ച സൗദിയിലെ വലയ സൂര്യഗ്രഹണം ഏറ്റവും നന്നായി ദൃശ്യമായത് കിഴക്കൻ പ്രവിശ്യയിലെ ഹൊഫൂഫിലാണ്. 

ചന്ദ്രന്റെ നിഴൽ കേന്ദ്രം കടന്നു പോകുന്ന അറബ് ലോകത്തെ ഏക പ്രദേശം സൗദിയിലെ ഹൊഫൂഫാണ്. രാവിലെ 6.28ന് ഭാഗിക ഗ്രഹണത്തോടെയാണ് സൂര്യൻ ഉദിച്ചത്. ഇവിടെ 91 ശതമാനം വരെ ഗ്രഹണമുണ്ടായി. 6.35 ന് ആരംഭിച്ച വലയ ഗ്രഹണം 7.37 ന് അവസാനിച്ചു. ഭാഗിക സൂര്യ ഗ്രഹണം 7.48 ന് അവസാനിച്ചു. വലയ ഗ്രഹണം 2 മിനിട്ടും 55 സെക്കൻറുമുണ്ടായി. എന്നാൽ ഭാഗിക ഗ്രഹണം ഒരു മണിക്കൂറും 20 മിനിട്ട് തുടർന്നു. 

click me!