
ഷാർജ: സോഷ്യൽ മീഡിയ വഴി വിൽപനയ്ക്ക് പരസ്യം നൽകിയ ഒരു ലക്ഷം ഡോളറിലധികം വിലമതിപ്പുള്ള അപൂർവ്വ അംബർ തസ്ബീഹ് മാല ശേഖരം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ചൈനീസ് പൗരനായ ഉടയാണ് പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് വെറും 24 മണിക്കൂറിനുള്ളിലാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് പ്രതികളെ പിടികൂടിയത്.
മോഷ്ടിച്ച മുഴുവൻ തസ്ബീഹ് മാലകളും പൊലീസ് സുരക്ഷിതമായി വീണ്ടെടുത്തു. അപൂർവ്വ അംബർ മാലകളുടെ വിൽപന പരസ്യം കണ്ട് ബന്ധപ്പെട്ട പ്രതികൾ മുഴുവൻ ശേഖരവും വാങ്ങാൻ താല്പര്യമുണ്ടെന്ന് ഉടമയെ അറിയിക്കുകയായിരുന്നു. മാലകൾ നേരിട്ട് കണ്ട് പരിശോധിക്കാനെന്ന വ്യാജേന ചൈനീസ് പൗരനെ ഷാർജയിലെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും, തന്ത്രപൂർവ്വം വസ്തുക്കൾ കൈക്കലാക്കിയ ശേഷം പ്രതികൾ കടന്നുകളയുകയുമായിരുന്നു.
പരാതി ലഭിച്ചയുടൻ ഷാർജ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഖലീഫ അൽ ഹായുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളും ഡാറ്റാ വിശകലനവും ഉപയോഗിച്ച് പ്രതികളുടെ നീക്കങ്ങൾ പൊലീസ് വേഗത്തിൽ നിരീക്ഷിച്ചു. പ്രതികൾ മറ്റ് എമിറേറ്റിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവിടുത്തെ സുരക്ഷാ വിഭാഗവുമായി സഹകരിച്ച് ഷാർജ പൊലീസ് മിന്നൽ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവർ അപരിചിതരുമായി ഇടപാട് നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. ഇടപാടുകാരുടെ വിവരങ്ങളും വ്യക്തിത്വവും കൃത്യമായി പരിശോധിക്കണമെന്നും സുരക്ഷിതവും ഔദ്യോഗികവുമായ പൊതുസ്ഥലങ്ങളിൽ വെച്ച് മാത്രം ഇത്തരം കൈമാറ്റങ്ങൾ നടത്തണമെന്നും അധികൃതർ പൗരന്മാരോടും പ്രവാസികളോട് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam