
മസ്‍കത്ത്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിമാന സർവ്വീസ് നിർത്തലാക്കിയതിനെ തുടർന്ന് ഒമാനിലേക്ക് തിരിച്ചു വരാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങിയ 63 പ്രവാസികൾ മസ്‍കത്തിൽ തിരിച്ചെത്തി. ഒമാനിൽ നിന്നുള്ള പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായെത്തിയ വന്ദേ ഭാരത് വിമാനത്തിലാണ് 63 പേര്‍ തിരിച്ചെത്തിയത്. ചികിത്സക്കായി ഇന്ത്യയിലേക്ക് പോയിരുന്നവരും ഉപരി പഠനത്തിനും മറ്റും ഇന്ത്യയിലായിരുന്ന വിദ്യാർത്ഥികളുമാണ് മടങ്ങിയെത്തിയത്.
ചെന്നൈയിൽ നിന്ന് 11 പേരും മുംബൈയിൽ നിന്ന് 15 പേരും ഹൈദരാബാദിൽ നിന്ന് 37 പേരുമാണ് ഒമാനില്‍ മടങ്ങിയെത്തിയതുതെന്ന് ഇന്ത്യൻ എംബസ്സി വ്യക്തമാക്കി. ഇന്ത്യൻ എംബസി മുഖേനെ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ലഭിച്ച പ്രത്യേക അനുമതിയിന്മേലാണ് 63 പ്രവാസികൾ മടങ്ങിയെത്തിയതെന്ന് മസ്‍കത്ത് ഇന്ത്യൻ സോഷ്യൻ ക്ലബ് ഹൈദരാബാദ് വിഭാഗം കൺവീനർ ഇസ്‌മെയിൽ ബൈഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരിച്ചെത്തിയ 63 പേരും ഒമാനിലെ താമസ വിസയുള്ളവരായിരുന്നെന്നും നീണ്ടകാലം കുടുംബാംഗങ്ങളുമായി അകന്നു കഴിഞ്ഞവരെ മസ്‍കത്തിറ്റിലേക്ക് തിരികെ കൊണ്ടുവരുവാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഒമാൻ വിദേശകാര്യ മന്ത്രാലയം ഇവർക്ക് അനുമതി നൽകിയതെന്നും, സ്ഥിര താമസ വിസയുള്ളവർക്ക് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മടങ്ങി വരുവാൻ കഴിയുമെന്നും ഇന്ത്യൻ എംബസിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരും മറ്റ് ആരോഗ്യ പ്രവർത്തകരും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ വന്ദേ ഭാരത് വിമാനങ്ങളില്‍ നേരത്തെതന്നെ മടങ്ങിയെത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
അതേസമയം ഒമാനില്‍ നിന്ന് സാധാരണ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം അധികൃതര്‍ ഇതുവരെയും കൈക്കൊണ്ടിട്ടില്ല. എന്നാൽ സ്വദേശികൾക്ക് വിദേശ യാത്രകൾ നടത്താൻ ഒമാൻ സുപ്രീം കമ്മിറ്റി അനുവാദം നൽകിയിട്ടുണ്ട്. യാത്രയിലും ഒമാനിലേക്ക് തിരിച്ചെത്തുമ്പോഴും കർശന ആരോഗ്യ, സുരക്ഷാ നടപടികൾ പാലിക്കണമെന്നാണ് സുപ്രിം കമ്മറ്റിയുടെ നിര്‍ദേശം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam