ഇന്‍റർനെറ്റ് ബില്ലടയ്ക്കാൻ ലിങ്കിൽ കയറി, ഞൊടിയിടയിൽ പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയായി. ടെലികോം കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് തട്ടിപ്പുകാർ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവർന്നത്.  

കുവൈത്ത് സിറ്റി: ഇന്റർനെറ്റ് റൂട്ടർ ബില്ലടയ്ക്കാൻ ശ്രമിക്കുന്നതിനിടെ പ്രവാസി കുവൈത്തിൽ ഓൺലൈൻ തട്ടിപ്പിനിരയായി. വ്യാജ വെബ്സൈറ്റ് വഴി ബാങ്ക് വിവരങ്ങൾ കൈക്കലാക്കിയ തട്ടിപ്പുകാർ ഇയാളുടെ അക്കൗണ്ടിൽ നിന്ന് 308 ദിനാർ കവർന്നു. ബാങ്ക് രേഖകളിൽ കൃത്രിമം കാണിക്കൽ, ഇലക്ട്രോണിക് തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത അധികൃതർ അന്വേഷണം കൊമേഴ്സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷന് കൈമാറി.

Add Asianetnews as a Preferred SourcegooglePreferred

ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ ഏഴര ദിനാർ വരുന്ന ബില്ലടയ്ക്കാനാണ് പ്രവാസി ഓൺലൈനിൽ തിരഞ്ഞത്. കമ്പനിയുടെ ഔദ്യോഗിക ലോഗോയും പേരും ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വെബ്സൈറ്റിലാണ് ഇയാൾ അബദ്ധത്തിൽ എത്തിയത്. ബാങ്ക് കാർഡ് വിവരങ്ങൾ നൽകിയപ്പോൾ 'ട്രാൻസാക്ഷൻ ഫെയിൽഡ്' എന്ന സന്ദേശമാണ് ലഭിച്ചത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിലുണ്ടായിരുന്ന തുക മുഴുവൻ നഷ്ടപ്പെട്ടതായി ഇയാൾ തിരിച്ചറിഞ്ഞു.

യഥാർത്ഥ വെബ്സൈറ്റുകളെ വെല്ലുന്ന രീതിയിലുള്ള വ്യാജ സൈറ്റുകൾ നിർമ്മിച്ച് സൈബർ ക്രിമിനലുകൾ വലവിരിക്കുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. സെർച്ച് എഞ്ചിനുകളിൽ ഇത്തരം സൈറ്റുകൾ മുന്നിൽ വരാൻ സാധ്യതയുള്ളതിനാൽ ലിങ്കുകൾ കൃത്യമായി പരിശോധിക്കണം. ഔദ്യോഗിക ആപ്പുകൾ മാത്രം പേയ്‌മെന്റുകൾക്കായി ഉപയോഗിക്കണമെന്നും അപരിചിതമായ പരസ്യങ്ങളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.