വിസിറ്റ് വിസയിലെത്തിയ ശേഷം ജോലി ചെയ്യുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Oct 18, 2022, 6:43 PM IST
Highlights

ഏകദേശം 90,000 പ്രവാസികള്‍ ബഹ്റൈനില്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നുണ്ടെന്നും ജമീല്‍ ഹുമൈദാന്‍ സൂചിപ്പിച്ചു. 

ബഹ്റൈന്‍: സന്ദര്‍ശക വിസയില്‍ ബഹ്റൈനിലെത്തിയ ശേഷം ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ പറഞ്ഞു. ബഹ്റൈനിലെ നിയമപ്രകാരം വിസിറ്റ് വിസയില്‍ രാജ്യത്തെത്തുന്ന ഒരാള്‍ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ കടുത്ത നടപടികള്‍ക്ക് വിധേയമാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഏകദേശം 90,000 പ്രവാസികള്‍ ബഹ്റൈനില്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നുണ്ടെന്നും ജമീല്‍ ഹുമൈദാന്‍ സൂചിപ്പിച്ചു. ബഹ്റൈനില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരുടെ എണ്ണം അപകടകരമാം വിധം വര്‍ദ്ധിച്ചതായി ബഹ്റൈന്‍ ചേംബര്‍ പ്രസിഡന്റ് സമീര്‍ നാസ് പറഞ്ഞു. രാജ്യത്തെ ആകെ നാലര ലക്ഷത്തോളം വരുന്ന പ്രവാസികളില്‍ 25 ശതമാനത്തോളം പേര്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്നത് ഗൗരവതരമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വിസിറ്റ് വിസയിലെത്തി ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്‍ത് നിയമനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. 

Read also:  കല്യാണം കഴിയുന്നത് വരെ ചെലവുകള്‍ നോക്കി; സഹോദരി നഷ്പരിഹാരം നല്‍കണമെന്ന് യുവാവ് കോടതിയില്‍

നിയമ വിരുദ്ധമായി ജോലി ചെയ്ത് പിടിക്കപ്പെട്ടാല്‍ പിന്നീട് ജോലി ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. നിലവില്‍ രാജ്യത്ത് നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവര്‍ സ്വയം മുന്നോട്ടുവന്ന് തങ്ങളുടെ ജോലിയും താമസവും നിയമ വിധേയമാക്കണം. ഇതിനുള്ള അവസരം നല്‍കുകയാണ്. ഇതോടൊപ്പം തന്നെ ശക്തമായ പരിശോധനകളും അതിന്റെ തുടര്‍ച്ചയായി നാടുകടത്തല്‍ നടപടികളും സ്വീകരിക്കും. ഇതിന്റെ നടപടികളും പുരോഗതി വിലയിരുത്താനുള്ള സംവിധാനങ്ങള്‍ക്കും രൂപം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. 

Read also:  സാമൂഹിക മാധ്യമങ്ങളില്‍ മോശം പെരുമാറ്റം; സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പിരിച്ചുവിട്ടു

click me!