
കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് വ്യാപക പരിശോധന തുടരുന്നു. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായി പ്രധാന റോഡുകളിലും ഹൈവേകളിലും ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. അമിതവേഗത ഉൾപ്പെടെയുള്ള ഗുരുതരമായ നിരവധി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
പിഴ ചുമത്തുന്നതിനപ്പുറം, ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിലക്കു നിർത്താനുമാണ് ഈ കാമ്പെയ്‌നിലൂടെ ലക്ഷ്യമിടുന്നത്. ഗതാഗത നിയമങ്ങൾ എല്ലാവർക്കും ഒരേപോലെ ബാധകമാണെന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പിടിക്കപ്പെടുന്ന സ്വദേശികളാണെങ്കിൽ അവരെ ട്രാഫിക് പോലീസ് സ്റ്റേഷനിൽ തടങ്കലിൽ വെയ്ക്കുകയും, പ്രവാസികളാണെങ്കിൽ അവരെ രാജ്യത്തുനിന്ന് നാടുകടത്തുകയുമാണ് ചെയ്യുക. വാഹനം നിയന്ത്രണം വിടാനും ഗുരുതരമായ പരിക്കുകൾക്കും മരണങ്ങൾക്കും കാരണമാകുന്ന വലിയ അപകടങ്ങളിലേക്ക് നയിക്കാനും സാധ്യതയുള്ളതിനാൽ, അമിതവേഗത ഏറ്റവും അപകടകരമായ നിയമലംഘനമായാണ് ട്രാഫിക് വിഭാഗം കണക്കാക്കുന്നത്.
മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതിനിടെ, മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ച മൂന്ന് കുവൈത്ത് പൗരന്മാരെയും ഒരു ഗൾഫ് സ്വദേശിയെയും ട്രാഫിക് പോലീസ് പിടികൂടി. ഇവർക്ക് പുറമെ മണിക്കൂറിൽ 153 കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിച്ച ഒരു ഏഷ്യൻ സ്വദേശിയും പിടിയിലായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam