പൂനെയില്‍ പഠനം, മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വിദ്യാര്‍ത്ഥി; സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ഇന്ത്യക്കും പ്രിയങ്കരന്‍

By Web TeamFirst Published Jan 11, 2020, 7:17 PM IST
Highlights

ഇന്ത്യയുടെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ടമായെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുല്‍ത്താന്‍റെ നിര്യാണത്തില്‍ അനുശോചിച്ചത്. അത്രത്തോളം ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ്.

മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്‍റെ നിര്യാണത്തില്‍ ഒമാനൊപ്പം വേദനിക്കുകയാണ് ഇന്ത്യയും. ഇന്ത്യയുടെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ടമായെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുല്‍ത്താന്‍റെ നിര്യാണത്തില്‍ അനുശോചിച്ചത്. അത്രത്തോളം ഇന്ത്യയോട് അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന സുല്‍ത്താന്‍ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. സൗഹൃദത്തിനപ്പുറം ഊഷ്മളമായ ബന്ധവും സുല്‍ത്താന് ഇന്ത്യയുമായുണ്ടായിരുന്നു. സുല്‍ത്താന്‍റെ ആദ്യ വിദേശ വിദ്യാഭ്യാസ കേന്ദ്രം പൂനെയായിരുന്നെന്നതും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന് ഇന്ത്യന്‍ ജനതയോടുള്ള സ്നേഹത്തിന് കാരണമാണ്.

സുല്‍ത്താന്‍റെ പിതാവ് സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ അജ്മറിലെ മയോ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹം പിന്നീട് മകനെയും പൂനെയില്‍ അയച്ച് പഠിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ വിദ്യാര്‍ത്ഥിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ്. 

ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒമാനിലെ പുരാവസ്തു ഖനനത്തില്‍ മൂന്നാം നൂറ്റാണ്ടിലെ ക്ലാസിക്കല്‍ യുഗത്തില്‍ ഇന്തോ-ഒമാന്‍ വ്യാപാരം നടന്നിരുന്നതായി ചില ചരിത്ര രേഖകളില്‍ പറയുന്നു. ടിപ്പു സുല്‍ത്താന്‍റെ ഭരണകാലത്ത് ഒമാനിലേക്ക് ഒരു നയതന്ത്ര പ്രതിനിധിയെ അയച്ചതായും രേഖകളില്‍ വ്യക്തമാക്കുന്നു. 

1956ല്‍ തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മസ്‍കത്തില്‍ സ്ഥാപിതമായിരുന്നു. ഒമാന്റെ ദേശീയ, ആഭ്യന്തര സുരക്ഷ വളരെയധികം പ്രശംസനീയമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും സാമഗ്രികളും ഉപയോഗിച്ച് സുരക്ഷയുടെ കാര്യക്ഷമത ഉറപ്പാക്കുന്നതില്‍ ഈ ഭരണാധികാരി ഏറെ ശ്രദ്ധിച്ചു. സ്വദേശികളുടെയും ഒമാനിലെ സ്ഥിരതാമസക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഒമാന്‍ ഭരണകൂടം പ്രാധാന്യം നല്‍കുന്നുണ്ട്. തൊഴിലാളി സംഘടനകളും ഒമാനില്‍ സജീവമാണ്. 

നിലവില്‍ 620,650 ഇന്ത്യന്‍ പ്രവാസികളാണ് ഒമാനിലുള്ളത്. ഇന്ത്യയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒമാനിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു സമൂഹവും ഇവിടെയുണ്ട്. ഒമാനിലെ പൗരന്‍മാരാണ് ഇവര്‍. ഇന്ത്യന്‍ പ്രവാസി സമൂഹം വന്‍ തോതില്‍ ഒമാനില്‍ കഴിയുന്നുണ്ട്. മാത്രമല്ല ഒമാനി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി ഇന്ത്യയെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ലക്ഷക്കണക്കിന് ഒമാനികള്‍ വര്‍ഷം തോറും ഇന്ത്യയിലെത്താറുണ്ട്. സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ  മലയാളികളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒമാനിലുണ്ട്. ചുരുക്കത്തില്‍ ഇന്ത്യയുമായി വളരെ മികച്ച ബന്ധം പുലര്‍ത്തുകയും ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്ത ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ്. 

Read More: 'സുല്‍ത്താന്‍ ഖാബൂസ്' ഒന്നുമില്ലായ്മയില്‍ നിന്ന് ഇന്നത്തെ ഒമാനിലേക്ക്

1970 ജൂലായ് 23ന് പുരോഗതിയുടെ, വികസനത്തിന്റെ, അറിവിന്റെ സംസ്‍കാരത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് രാജ്യത്തെയും ജനതയെയും നയിക്കുമെന്ന് സുല്‍ത്താന്‍ നടത്തിയ പ്രഖ്യാപനം,  അഞ്ച് പതിറ്റാണ്ടോടടുക്കുമ്പോള്‍ യാഥാര്‍ത്ഥ്യമായെന്നത് ചരിത്രസത്യമായി മുമ്പിലുള്ളപ്പോള്‍ ഏറ്റവും ജനപ്രിയനായ ഒരു ഭരണാധികാരിയെയാണ് ഒമാന് നഷ്ടമായത്. 

click me!