ഒരു ആശുപത്രിയും മൂന്ന് ചെറിയ സ്കൂളുകളും കേവലം എട്ട് കിലോമീറ്റര്‍ മാത്രം ടാര്‍ ചെയ്ത റോഡുമുള്ള ഒരു രാജ്യത്തിന്റെ ഭരണം 1970ല്‍ ഏറ്റെടുക്കുമ്പോള്‍ അല്‍ ഖുസൈദി രാജവംശത്തിലെ പിന്‍തലമുറക്കാരനായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന് വയസ് 30. ഇന്ന് 49 വര്‍ഷം പിന്നിടുമ്പോള്‍ ഒമാന്‍ എന്ന രാജ്യത്തെ എല്ലാ മേഖലകളിലും അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിച്ചത് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ ദീര്‍ഘ വീക്ഷണവും ഭരണപാടവവും കൊണ്ടുമാത്രമാണ്.

തന്റെ പിതാവായ സയ്യിദ് ബിന്‍ തൈമൂറില്‍ നിന്ന് അധികാരം ഏറ്റെടുത്തശേഷം സലാലയില്‍ നിന്ന് മസ്‍കത്തിലെ ബൈത്ത് അല്‍ ഫലാജ് വിമാനത്താവളത്തിലെത്തിയ യുവ ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് ആദ്യം രാജ്യത്തിന് 'സുല്‍ത്താനെറ്റ് ഓഫ് ഒമാന്‍' എന്ന് നാമകരണം ചെയ്തു. പഴയ പേര് 'മസ്‍കത്ത് ആന്റ് ഒമാന്‍' എന്നായിരുന്നു. പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ഒമാന്‍ റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒമാന്‍ വിട്ടുപോയവരെല്ലാം മടങ്ങിവരണമെന്നും രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ ഓരോ വ്യക്തിയും പങ്കാളികളാകണമെന്നും ഉദ്‍ബോധിപ്പിച്ചു.

എഴുപതുകളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിവന്നിരുന്ന ഒരു ആശുപത്രിയും മൂന്ന് സ്കൂളുകളും, മത്രയ്ക്കും മസ്കത്തിനും ഇടയില്‍ ഏതാനും കിലോമീറ്റര്‍ ടാര്‍ റോഡും മാത്രമായിരുന്നു ഒമാനിന്റെ അടിസ്ഥാന സൗകര്യം. സീബ് അന്താരാഷ്ട്ര വിമാനത്താവളവും സുല്‍ത്താന്‍  ഖാബൂസ് തുറമുഖവും ഒരു വിദേശ കമ്പനിക്ക് കരാര്‍ നല്‍കിക്കൊണ്ട് ഒമാനിലെ ആദ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ആരംഭിച്ചു.

പിന്നീട് ഭിന്നിച്ചുനിന്നിരുന്ന വംശങ്ങളെയും പ്രവിശ്യകളെയും ഒരുമയുടെ മാര്‍ഗത്തില്‍ നിരന്തര ചര്‍ച്ചകളിലൂടെ ഒന്നായി നിര്‍ത്തുന്നതില്‍ ഈ ഭരണാധികാരി വിജയിച്ചു. പട്ടിണിയിലും അജ്ഞതയിലുമായിരുന്ന ഒരു വലിയ ജനതയെ നയിക്കാനാണ് സുല്‍ത്താന്‍ ഖാബൂസ് നിയുക്തനായത്. തന്റെ വ്യക്തിപരമായ എല്ലാ താത്പര്യങ്ങളും മാറ്റിവെച്ച് ഒമാന്‍ ജനതയെയും ഒമാനെയും വെളിച്ചത്തിലേക്ക് നയിക്കുകയെന്ന വെല്ലുവിളിയുമായി മുപ്പതുകാരനായ സുല്‍ത്താന്‍ ഖാബൂസ് തന്റെ യാത്ര ആരംഭിച്ചു.

മൂന്ന് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃത്രിയുള്ള ഒമാന്‍, ഗള്‍ഫ് രാജ്യങ്ങളില്‍ ഭൂവിസ്തൃതിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ഭൂമിശാസ്ത്രപരമായി ഒരുഭാഗത്ത് കൂറ്റന്‍ മലനിരകള്‍, ഒരുഭാഗത്ത് കിലോമീറ്ററുകള്‍ നീളമുള്ള കടല്‍ത്തീരങ്ങള്‍. മറുഭാഗത്ത് പരന്നുകിടക്കുന്ന മരുഭൂമി. ഇതെല്ലാം ഒമാന് മാത്രം സ്വന്തം. ഈ ഭൂപ്രകൃതി ഒമാന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രയോജനപ്പെടുത്തുന്നതില്‍ ഈ ഭരണകര്‍ത്താവ് മികവുകാട്ടി. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ ശാസ്ത്രസാങ്കേതിക രംഗം എന്നീ മേഖലകളില്‍ വളരെ സൂക്ഷ്മതയോടും ദീര്‍ഘവീക്ഷണത്തോടും കൂടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

1976ല്‍ ഒമാനിലെ ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കി. സാമ്പത്തിക സ്രോതസുകള്‍ ക്രമപ്പെടുത്തുക, നിക്ഷേപങ്ങള്‍ തിട്ടപ്പെടുത്തുക, ജലവിഭവങ്ങള്‍ സംരക്ഷിക്കുക, സ്വദേശി മാനവവിഭവശേഷി പരിപോഷിപ്പിക്കുക, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയായിരുന്നു പദ്ധതി ലക്ഷ്യങ്ങള്‍. ആദ്യ പഞ്ചവത്സര പദ്ധതിയില്‍ തന്നെ ഒമാന്റെ സമ്പദ്‍വ്യവസ്ഥ ശക്തമായിക്കഴിഞ്ഞു. പിന്നീട് 1995ല്‍ ഒമാനിലെ സാമ്പത്തിക, സാമൂഹിക വിഷയങ്ങളെ ലക്ഷ്യമാക്കി ഒമാന്‍ 2020 എന്ന 25 വര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കി. 2020 ആയപ്പോഴേക്കും പദ്ധതിയില്‍ ഊന്നല്‍ കൊടുത്തിരിക്കുന്ന വിഷയങ്ങളില്‍ ഒമാന്‍ ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ഒമാന്‍ ലോകശ്രദ്ധയില്‍ പ്രധാന ഇടം നേടിയെടുക്കുകയും ചെയ്തു. 

മറ്റ് വിദേശരാജ്യങ്ങളുമായുള്ള ഒമാന്റെ ബന്ധങ്ങള്‍ വളരെ ഊഷ്മളമാണ്. പ്രത്യേകിച്ചും ഇന്ത്യയുമായി. ഒമാനും ഇന്ത്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമാണുള്ളത്. 1956ല്‍ തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മസ്‍കത്തില്‍ സ്ഥാപിതമായിരുന്നു. ഒമാന്റെ ദേശീയ, ആഭ്യന്തര സുരക്ഷ വളരെയധികം പ്രശംസനീയമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും സാമഗ്രികളും ഉപയോഗിച്ച് സുരക്ഷയുടെ കാര്യക്ഷമത ഉറപ്പാക്കുന്നതില്‍ ഈ ഭരണാധികാരി ഏറെ ശ്രദ്ധിച്ചു. സ്വദേശികളുടെയും ഒമാനിലെ സ്ഥിരതാമസക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഒമാന്‍ ഭരണകൂടം പ്രാധാന്യം നല്‍കുന്നുണ്ട്. തൊഴിലാളി സംഘടനകളും ഒമാനില്‍ സജീവമാണ്. 

2008ല്‍ മനുഷ്യാവകാശ കമ്മീഷന്‍ ഒമാനില്‍ നിലവില്‍വന്നു. പ്രയത്നങ്ങള്‍ക്കും സമര്‍പ്പണത്തിനും ഉദാഹരണമായി, പൗരന്മാര്‍ക്ക് മാതൃകയായി അവരുടെ ഭരണാധികാരി നിലകൊണ്ടു. ലക്ഷ്യങ്ങളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കിയ വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് ഒമാനി ജനത സമ്മതിക്കുന്നു. ദുഖമിലെ പ്രത്യേക സാമ്പത്തിക മേഖല, സൊഹാര്‍ വ്യവസായ എസ്റ്റേറ്റ്, വിവിധ ടൂറിസം പദ്ധതികള്‍, മസ്കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവള വികസനം എന്നിവ രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളായി മാറി.

1970 ജൂലായ് 23ന് പുരോഗതിയുടെ, വികസനത്തിന്റെ, അറിവിന്റെ സംസ്‍കാരത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് രാജ്യത്തെയും ജനതയെയും നയിക്കുമെന്ന് സുല്‍ത്താന്‍ നടത്തിയ പ്രഖ്യാപനം,  അഞ്ച് പതിറ്റാണ്ടോടടുക്കുമ്പോള്‍ യാഥാര്‍ത്ഥ്യമായെന്നത് ചരിത്രസത്യം. അറബ് ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന രാഷ്ട്രനേതാവും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് തന്നെ.