
കുവൈറ്റ് സിറ്റി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശ്ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് കുവൈറ്റിൽ എത്തും. ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ്, എഞ്ചിനീയർമാരുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ സുഷമ സ്വരാജ് കുവൈത്ത് ഭരണകൂടവുമായി ചർച്ച നടത്തും.
വിദേശകാര്യ മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് സുഷമ സ്വരാജ് കുവൈറ്റ് സന്ദർശിക്കുന്നത്. രണ്ട്ദിവസത്തെ സന്ദർശന പരിപാടിയിൽ കുവൈറ്റ് വിദേശകാര്യ മന്ത്രി സബാഹ് അൽ ഖാലിദ്, തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് എന്നിവരുമായും മന്ത്രി ചർച്ച നടത്തും. ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ നേരിടുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പ്രശ്നം അധികൃതരുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി ഉന്നയിക്കും. ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍, കഴിഞ്ഞ ദിവസം ഇന്ത്യ സന്ദർശിച്ച കുവൈത്ത് തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് ഇന്ത്യൻ അധികൃതരുമായി ചർച്ച ചെയ്തിരുന്നു.ഇതിന്റെ തുടർചർച്ചകൾ സുഷമ സ്വരാജിന്റെ കുവൈത്ത് സന്ദർശ്ശനത്തിലുണ്ടാവും.
ഇതിനുപുറമെ ആരോഗ്യ മന്ത്രാലയത്തിൽ വിസയിലെത്തി, ജോലി ഇല്ലാതെ കഴിയുന്ന 79 ഇന്ത്യൻ നഴ്സുമാരുടെ പ്രശ്നങ്ങളും സുഷമ സ്വരാജ് കുവൈത്ത് അധികൃതരുമായി ചർച്ച ചെയ്യും. ആദ്യ ദിവസം ഇന്ത്യൻ എംബസിയിൽ സംഘടിപ്പിക്കുന്ന ക്ഷണിക്കപ്പെട്ടവർക്കുള്ള പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്യും. എന്നാൽ മന്ത്രിയുടെ സന്ദർശ്ശനവുമായി ബന്ധപ്പെട്ട മുഴുവൻ പരിപാടികളിൽ നിന്നും മലയാളി മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയതായുള്ള ആക്ഷേപവും ഉയർന്നു വന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam