
റിയാദ്: സൗദി അറേബ്യയിൽ നിർത്തിയിട്ട ട്രക്കിനുള്ളിൽ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയായ പ്രഭാകർ (49) ആണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽനിന്ന് 180 കിലോമീറ്റർ അകലെയുള്ള അൽ സൈറ എന്ന സ്ഥലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് വിദഗ്ധ മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി സൗദിയിലെ പ്രമുഖ ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ദമ്മാമിൽനിന്ന് ഹഫർ അൽ ബാത്തിനിലേക്ക് ചരക്കുമായി പുറപ്പെട്ട ഒമ്പത് ട്രക്കുകളുടെ കൂട്ടത്തിലായിരുന്നു പ്രഭാകറിൻ്റെ വാഹനവും ഉണ്ടായിരുന്നത്. എന്നാൽ, നിശ്ചിത സമയത്തിനുള്ളിൽ മറ്റ് വാഹനങ്ങൾ ഹഫർ അൽ ബാത്തിനിൽ എത്തിച്ചേർന്നിട്ടും പ്രഭാകറിന്‍റെ ട്രക്ക് എത്താതിരുന്നതോടെ സഹപ്രവർത്തകർക്ക് സംശയം തോന്നി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് അൽ സൈറയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്ക് കണ്ടെത്തിയത്. വാഹനം തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളിൽ പ്രഭാകറിനെ ജീവനറ്റ നിലയിൽ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് അൽ സൈറ പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. അൽ സൈറ പൊലീസ് സ്റ്റേഷനിൽ നിന്ന് വിവരമറിഞ്ഞതിനെ തുടർന്ന് ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്‍റ് വിബിൻ മറ്റത്തിന്‍റെ നേതൃത്വത്തിൽ, ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആവശ്യമായ നിയമനടപടികൾ വേഗത്തിലാക്കുകയായിരുന്നു.
പൊലീസ്, ഫോറൻസിക്, മെഡിക്കൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയച്ചു. എംബാമിങ്, എയർ ട്രാൻസ്‌പോർട്ടേഷൻ ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും പ്രഭാകർ ജോലി ചെയ്തിരുന്ന കമ്പനിയാണ് വഹിച്ചത്. ചെന്നൈ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പിതാവ്: പളനിവേൽ, മാതാവ്: വേലായു, ഭാര്യ: യോഗലക്ഷ്മി, മക്കൾ: മണികണ്ഠൻ, മനോജ് കുമാർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam