സൗദിയില്‍ ടാക്സി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു

By Web TeamFirst Published Oct 20, 2019, 1:49 PM IST
Highlights

പൊതുഗതാഗത വകുപ്പാണ് ടാക്സി നിരക്ക് പുതുക്കി നിശ്ചയിച്ചത്. നേരത്തെയും ഏകീകൃത നിരക്കായിരുന്നു രാജ്യത്താകെ. അത് പുതുക്കി നിശ്ചയിക്കുകയാണ് ഇപ്പോഴുണ്ടായത്. 

റിയാദ്: ടാക്സി നിരക്ക് പുതുക്കി നിശ്ചയിച്ച് സൗദി അറേബ്യ. രാജ്യത്തെ ടാക്സി വാഹനങ്ങള്‍ക്ക് ഇനിമുതല്‍  10 റിയാലാണ് ഏറ്റവും കുറഞ്ഞ ചാര്‍ജ്. മീറ്ററില്‍ അഞ്ചര റിയാല്‍ കാണിച്ചാണ് ഓടിത്തുടങ്ങുക. ശേഷം ഓരോ കിലോമീറ്ററിനും ഒരു റിയാല്‍ എട്ട് ഹലാല വീതം കൂടിക്കൊണ്ടിരിക്കും. മിനിറ്റിന് 80 ഹലാലയാണ് വെയ്റ്റിങ് ചാര്‍ജ്. 

പൊതുഗതാഗത വകുപ്പാണ് ടാക്സി നിരക്ക് പുതുക്കി നിശ്ചയിച്ചത്. നേരത്തെയും ഏകീകൃത നിരക്കായിരുന്നു രാജ്യത്താകെ. അത് പുതുക്കി നിശ്ചയിക്കുകയാണ് ഇപ്പോഴുണ്ടായത്. ഗതാഗത പ്രശ്നങ്ങള്‍ കൊണ്ടോ യാത്രക്കാരന്റെ ആവശ്യപ്രകാരമോ വേഗത 20 കിലോമീറ്ററോ അതില്‍ കുറവോ ആയാല്‍ മിനിറ്റിന് 80 ഹലാല വെയ്റ്റിങ് ചാര്‍ജ് നല്‍കണം. ഞായര്‍ മുതല്‍ വ്യാഴം വരെ പ്രവൃത്തി ദിവസങ്ങളില്‍ അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ ആറ് വരെ അഞ്ചര റിയാലിന് പകരം മീറ്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങുക 10 റിയാല്‍ മുതലായിരിക്കും. വെള്ളി, ശനി എന്നീ വാരാന്ത്യ അവധി ദിനങ്ങളില്‍ പുലര്‍ച്ചെ രണ്ട് മുതല്‍ ആറ് വരെയും ഇതേ രീതിയിലാവും മീറ്റര്‍ പ്രവര്‍ത്തിക്കുക. 

നാലുപേര്‍ക്ക് കയറാവുന്ന ടാക്സി വാഹനങ്ങള്‍ക്കാണ് മേല്‍പറഞ്ഞ നിരക്കുകള്‍ ബാധകം. അഞ്ചോ അതില്‍ കൂടുതലോ ആളുകള്‍ക്ക് കയറാവുന്ന വാഹനങ്ങളില്‍ നിരക്ക് വ്യത്യാസപ്പെടും. മീറ്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങുക ആറ് റിയാല്‍ മുതലാണ്. കിലോമീറ്റര്‍ ചാര്‍ജ് രണ്ട് റിയാലും വെയ്റ്റിങ് ചാര്‍ജ് മിനിറ്റിന് 90 ഹലാലയുമായിരിക്കും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
 

click me!