34 കോടി, സ്നേഹം കൊണ്ട് തോൽപ്പിച്ച മനുഷ്യർ; റഹീമിനായി ആപ്പും സോഷ്യൽ മീഡിയയും നിയന്ത്രിച്ചത് ഈ ടെക്കികൾ

By Web TeamFirst Published Apr 16, 2024, 5:33 PM IST
Highlights

ബാർകോഡ് മാറ്റിയും വ്യാജ അക്കൗണ്ട് പ്രചരിപ്പിച്ചും വഞ്ചനകൾ നടക്കാൻ ഏറെ സാധ്യതയുള്ള ക്രൗഡ് ഫണ്ടിങ്ങിന് പരമാവധി സൈബർ സുരക്ഷ ഒരുക്കാൻ വേണ്ട നിർദേശം നൽകിയതും റിയാദിലെ ഈ ഐ ടി സംഘമാണ്. 

റിയാദ് : അബ്ദുൽ റഹീമിന്റെ മോചനത്തിന് ഭീമമായ തുക സമാഹരിക്കാൻ ആപ്പ് ഉൾപ്പടെയുള്ള സംവിധാനം കൊണ്ടുവരാനുള്ള അഷ്‌റഫ് വേങ്ങാട്ടിന്റെ ആശയത്തിന് പിന്തുണ നൽകിയത് റിയാദിലെ മല്ലു ടെക്കികൾ. ബാർകോഡ് മാറ്റിയും വ്യാജ അക്കൗണ്ട് പ്രചരിപ്പിച്ചും വഞ്ചനകൾ നടക്കാൻ ഏറെ സാധ്യതയുള്ള ക്രൗഡ് ഫണ്ടിങ്ങിന് പരമാവധി സൈബർ സുരക്ഷ ഒരുക്കാൻ വേണ്ട നിർദേശം നൽകിയതും റിയാദിലെ ഈ ഐ ടി സംഘമാണ്. 

സോഷ്യൽ മീഡിയ പ്രചാരണ ക്യാമ്പയിനിലും സംഘത്തിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് മുന്നോട്ട് പോയിരുന്നത്. അമേരിക്കയിലെ പ്രമുഖ ഐ ടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നിലവിൽ സൗദിയിലെ മുൻ നിര ബാങ്കിൽ ബാങ്കിങ് ആപ്പ് മേഖലയിൽ ജോലി ചെയ്യുന്ന ഷമീം, സുഹാസ് ചെപ്പാലി എന്നിവരും പ്രമുഖ അമേരിക്കൻ ടെക്നോളജി കമ്പനിയായ ഒറാക്കിളിന്റെ റീജിണൽ ഹെഡ് മുഹമ്മദ് , ഐ ടി രംഗത്തെ സംരംഭകനും റഹീം സഹായ സമിതി വൈസ് ചെയർമാനുമായ മുനീബ് പാഴൂർ എന്നിവരടങ്ങുന്ന നാൽവർ സംഘമാണ് ഐ ടി സേവനം നൽകിയത് .മാർച്ച് ആദ്യവാരം റഹീം സഹായ സമിതി തലവൻ അഷ്‌റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് ആപ്പ് നിർമിക്കാനുള്ള ധാരണയിലെത്തിയത്. തുടർന്ന് നാട്ടിലെ ഈ മേഖലയിൽ പരിചയസമ്പന്നരായ ആപ്പ് ഡെവലപ്പേഴ്‌സിന്റെ സഹായം തേടുകയായിരുന്നു.

തൊട്ടടുത്ത ദിവസം തന്നെ സ്പൈൻ കോഡ്‌സ് എന്ന സ്ഥാപനവുമായി ന്യായമായ തുകക്ക് ആപ്പ് നിർമിക്കാൻ കരാർ നൽകി.തുടർന്ന് റിയാദിലെ ഐ ടി വിദഗ്ദ്ധരും ആപ്പ് ഡെവലപ്പേഴ്‌സും സൗദിയിലെ റഹീം സഹായ സമിതിയും ചേർന്നുള്ള വിർച്വൽ മീറ്റിംഗിൽ ഏത് രീതിയിൽ ആപ്പ് നിർമിക്കണമെന്ന കാര്യത്തിൽ ധാരണയുണ്ടാക്കി. തുടക്കത്തിൽ ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടെങ്കിലും വളരെ പെട്ടന്ന് പരിഹാരം കാണാനായിരുന്നു. അക്കൗണ്ടുകൾ പഴുതുകളടച്ചു സുധാര്യത വരുത്താൻ പി എം അസ്സോസിയേറ്റ്‌സിനേയും ചുമതലപ്പെടുത്തി. അക്കൗണ്ടുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമയത്ത് നൽകിയത് പി എം അസോസിയേറ്റ്‌സ് സ്ഥാപകൻ ഷമീറാണ്. ഓരോ ഘട്ടത്തിലും റിയാദിലെ ഐ ടി സംഘം ആപ്പിന്റെ പ്രവത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ചു. സാങ്കേതിക തടസ്സം നേരിടുന്ന സമയത്ത് തന്നെ ഡെവലപ്പേഴ്‌സുമായി ബന്ധപ്പെട്ട് പരിഹാരം കണ്ടു. നാലിലൊരാൾ രാപ്പകലില്ലാതെ നിരീക്ഷണ ചുമതലയേറ്റെടുത്തു. 

Read Also -  റഹീമിന്‍റെ മോചനത്തിന് ഏതാനും കടമ്പകൾ കൂടി; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

ഐ ടി ഉൾപ്പടെ വ്യത്യസ്ത മേഖലയിലുള്ള റിയാദിലെ സമർത്ഥരായ വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് ഓരോ ഘട്ടത്തിലെയും ഫണ്ട് സമാഹരണ സംവിധാങ്ങളുടെ നീക്കങ്ങൾ നടന്നത്. ഫണ്ട് സമാഹരണ ദൗത്യം പൂർത്തിയാകുമ്പോൾ ഏറെ ചാരിതാർഥ്യമുണ്ടെന്ന് ഐ ടി വിഭാഗത്തിന് നേതൃത്വം നൽകിയ ഷമീം മുക്കം പറഞ്ഞു. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട സാമൂഹ്യ ദൗത്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഏറെ ആഹ്ളാദമുണ്ടെന്ന് സുഹാസ് ചെപ്പാലിയും മുഹമ്മദും പറഞ്ഞു. സാധ്യമായതെല്ലാം ചെയ്തു കഴിഞ്ഞെന്നും ഇനി റഹീം പുറത്തിറങ്ങുന്ന ദിവസം കാത്തിരിക്കുകയാണെന്നും റഹീം സഹായ സമിതി വൈസ് ചെയർമാൻ മുനീബ് പാഴൂരും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!