വേനല്‍ മഴയ്‍ക്കിടയിലും യുഎഇയില്‍ ചൂട് കൂടുന്നു; താപനില ഇന്ന് വീണ്ടും 50 ഡിഗ്രി കടന്നു

By Web TeamFirst Published Aug 9, 2022, 11:27 PM IST
Highlights

ഈ ഉഷ്ണകാലത്ത് ഇത് രണ്ടാം തവണയാണ് യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. ഇതിന് മുമ്പ് ജൂണ്‍ 23നാണ് ഉയര്‍ന്ന താപനില രാജ്യത്ത് രേഖപ്പെടുത്തിയത്. 

അബുദാബി: വേനല്‍ മഴയ്‍ക്കിടയിലും യുഎഇയില്‍ അന്തരീക്ഷ താപനില കൂടുന്നു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച രാജ്യത്ത് വീണ്ടും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. അല്‍ ഐനിലെ സ്വൈഹാനില്‍ രേഖപ്പെടുത്തിയ 51 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനില.

ഈ ഉഷ്ണകാലത്ത് ഇത് രണ്ടാം തവണയാണ് യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. ഇതിന് മുമ്പ് ജൂണ്‍ 23നാണ് ഉയര്‍ന്ന താപനില രാജ്യത്ത് രേഖപ്പെടുത്തിയത്. അന്ന് ദഫ്റ മേഖലയിലെ ഔതൈദില്‍ 50.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില. അതേസമയം യുഎഇയിലെ ഏറ്റവും താഴ്നന്ന താപനിലയും ഇന്ന് അല്‍ ഐനില്‍ തന്നെയാണ് രേഖപ്പെടുത്തിയത്.

അല്‍ ഫോഹയില്‍ രേഖപ്പെടുത്തിയ 26.2 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴയിലെ ഏറ്റവും താഴ്ന്ന ചൂട്. ജുലൈ മാസത്തില്‍ കനത്ത മഴയ്‍ക്കാണ് രാജ്യത്തെ പല എമിറേറ്റുകളും സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ദക്ഷിണ, കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Read also: യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമായവര്‍ക്കായി പ്രത്യേക ക്യാമ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്തയാഴ്ച മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത ആഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്ക് ദിക്കില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത ആഴ്ചയോടെ രാജ്യത്ത് എത്തുമെന്നാണ് വിലയിരുത്തല്‍. 

ഇതിന്റെ ഫലമായി 14നും 17നും ഇടയില്‍ കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ താപനിലയും ഉയരുകയാണ്. 

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു. ഏഴ് പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചത്. ഷാര്‍ജയിലും ഫുജൈറയിലും കുടുങ്ങിയ 870 പേരെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 150 പേരെയും രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതമായ രീതിയില്‍ ഹോട്ടലുകളിലേക്കും മറ്റ് താമസ സൗകര്യങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.

അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്കായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 50,000 ദിര്‍ഹം (10 ലക്ഷം രൂപ)ധനസഹായം പ്രഖ്യാപിച്ചു. 65 കുടുംബങ്ങള്‍ക്ക് ഈ തുക പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. വെള്ളപ്പൊക്കത്തില്‍ വീടുകളിലേക്ക് വെള്ളം കയറിയത് മൂലം താല്‍ക്കാലിക താമസ സൗകര്യങ്ങളിലേക്ക് മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് തുക നല്‍കാനാണ് നിര്‍ദ്ദേശം. 

click me!