വിസ തട്ടിപ്പിനിരയായ പതിനായിരം വിദേശികളെ നാടുകടത്തില്ല: കുവൈത്ത്

By Web TeamFirst Published Mar 31, 2019, 12:42 AM IST
Highlights


മനുഷ്യക്കടത്തിന്റെ ഇരകളായതിനാൽ മാനുഷിക പരിഗണനവച്ചാണ് പിടിയിലായ തൊഴിലാളികളെ നാടുകടത്തേണ്ടതില്ലെന്ന് താമസകാര്യ വകുപ്പ് തീരുമാനം. 


കുവൈത്ത്: വിസ തട്ടിപ്പിനിരയായ പതിനായിരം വിദേശികളെ നാടുകടത്തേണ്ടതില്ലന്ന് കുവൈത്ത് . പിഴ അടച്ച ശേഷം പിടിയിലായവർക്ക് പുതിയ തൊഴിലിടം കണ്ടെത്താം. ഇതുമായി ബന്ധപ്പെട്ട് താമസകാര്യ വകുപ്പ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് നിർദ്ദേശം നൽകി.

മനുഷ്യക്കടത്തിന്റെ ഇരകളായതിനാൽ മാനുഷിക പരിഗണനവച്ചാണ് പിടിയിലായ തൊഴിലാളികളെ നാടുകടത്തേണ്ടതില്ലെന്ന് താമസകാര്യ വകുപ്പ് തീരുമാനം. താമസ നിയമം ലംഘിച്ചതിന് പിഴ ഈടാക്കിയ ശേഷം രേഖകൾ ശരിയാക്കി കുവൈത്തിൽ തുടരാനും പുതിയ തൊഴിലിടം കണ്ടെത്താനും ഇവർക്ക് സാധിക്കും. വ്യാജ കമ്പനിയുടെ പേരിൽ പതിനായിരത്തോളം തൊഴിലാളികളെയാണ് മനുഷ്യക്കടത്ത് സംഘം കുവൈത്തിലെത്തിച്ചത്. 

ആറു സ്വദേശികൾ ഉൾപ്പെട്ട സംഘമാണ് മനുഷ്യക്കടത്തിന് നേതൃത്വം നൽകിയത്. ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. അതിനിടെ രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്താൻ അധികൃതർ പരിശോധന ശക്തമാക്കി. 

താമസ കാര്യ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മൂന്നൂറിലധികം വിദേശികൾ പിടിയിലായി. ഇത്തരക്കാർക്ക് ശിക്ഷയിൽ ഇളവില്ല. റെയ്ഡിൽ പിടിയിലാകുന്നവരെ ഉടൻ നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.
 

click me!