22 കോടി രൂപ ലോട്ടറി അടിച്ചു, അഭിനന്ദനം അറിയിച്ച് വിളിക്കുന്നവരേ 'ക്ഷമിക്കണം സ്വപ്ന ജോലിത്തിരക്കിലാണ്'

By Web TeamFirst Published Jul 4, 2019, 10:40 PM IST
Highlights

തനിക്ക് വലിയ ഉത്തരവാദിത്തമാണ് കമ്പനിയോടുള്ളത്. അതുകൊണ്ടുതന്നെ സമ്മാനം ലഭിച്ചതില്‍ അഭിനന്ദിക്കാന്‍ വിളിച്ച സന്ദേശങ്ങളൊന്നും സ്വീകരിക്കാന്‍ സമയമുണ്ടായില്ലെന്ന് സ്വപ്ന പറയുന്നു...

അബുദാബി: ബുധനാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (22 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ച സ്വപ്ന നായര്‍ക്ക് നിരവധി പേരാണ് ആശംസകളുമായെത്തുന്നത്. എന്നാല്‍ വിളിക്കുന്നവരുടെ ഫോണ്‍ എടുക്കാനായില്ലെന്നാണ് സ്വപ്ന പറയുന്നത്. ഓഫീസില്‍ വളരെ അത്യാവശ്യമുള്ള ഒരു ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു. അതിനാല്‍ ഫോണെടുക്കാനായില്ലെന്നുമാണ് സ്വപ്ന പറയുന്നത്. 

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിംഗ് കണ്‍സല്‍ട്ടന്‍സിയില്‍ ജീവനക്കാരിയാണ് സ്വപ്ന. എട്ട് വര്‍ഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. തനിക്ക് വലിയ ഉത്തരവാദിത്തമാണ് കമ്പനിയോടുള്ളത്. അതുകൊണ്ടുതന്നെ സമ്മാനം ലഭിച്ചതില്‍ അഭിനന്ദിക്കാന്‍ വിളിച്ച സന്ദേശങ്ങളൊന്നും സ്വീകരിക്കാന്‍ സമയമുണ്ടായില്ലെന്നും സ്വപ്ന ചിരിച്ചുകൊണ്ട് പറഞ്ഞു. 

കൊല്ലം സ്വദേശിയാണ് സ്വപ്ന. തിരുവനന്തപുരം സ്വദേശിയായ ഭര്‍ത്താവിനൊപ്പം 2010 മുതല്‍ സ്വപ്ന യുഎഇയില്‍ താമസിക്കുകയാണ്. നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ ഫോണിലൂടെ സ്വപ്നയെ സമ്മാനവിവരം അറിയിച്ചു. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നതെന്ന് പറഞ്ഞ സ്വപ്ന, ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് നന്ദിയും അറിയിച്ചിരുന്നു. 

പാക്കിസ്ഥാനിയായ പ്രവാസിക്കാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം. ഇതൊഴികെ മറ്റ് സമ്മാനങ്ങള്‍ ലഭിച്ചതും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. ഹന്‍സ്‍രാജ് മുകേഷ് ഭാട്ടിയ എന്ന ഇന്ത്യന്‍ പൗരന് ബിഎംഡബ്ല്യൂ 7 സീരീസാണ് സമ്മാനം ലഭിച്ചത്. ഇന്ത്യക്കാരനായ ജോസിന് 90,000 ദിര്‍ഹവും സുരേഷ് എടവനയ്ക്ക് 80,000 ദിര്‍ഹവും സമ്മാനം ലഭിച്ചു. ഇതിന് പുറമെ മാത്യൂ വര്‍ഗീസ്, രാധാകൃഷ്ണന്‍, നിഖാത് ഷബാന എന്നീ ഇന്ത്യക്കാര്‍ക്കും വിവിധ തുകകള്‍ സമ്മാനമായി ലഭിച്ചു.

click me!