
റിയാദ്: ഈ മാസം മൂന്നിന് സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ച കണ്ണൂർ മുഴപ്പിലങ്ങാട് പള്ളിക്കൽ സ്വദേശി മുഹമ്മദ് റഫീഖിന്റെ (49) മൃതദേഹം ഖബറടക്കി. ബുധനാഴ്ച ഇശാഅ് നമസ്കാര ശേഷം യാംബു ടൗൺ മസ്ജിദ് ജാമിഅ ഖബീറിൽ നടന്ന മയ്യിത്ത് നമസ്കാര ശേഷം മഖ്‌ബറ ഷാത്തിഅയിൽ ഖബറടക്കി.
റഫീഖിന്റെ സൗദിയിലുള്ള ബന്ധുക്കളും യാംബുവിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാനേതാക്കളും മലയാളി സമൂഹവും അടക്കം ധാരാളം പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ഞായറാഴ്ച നെഞ്ചുവേദനയെ തുടർന്ന് യാംബു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് അന്ത്യം. ഒന്നര പതിറ്റാണ്ടിലേറെ യാംബുവിലെ ഹോളിഡേ ഇൻ ഹോട്ടലിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: ആരിഫ, ഏക മകൾ അഫീഫ ബിരുദ വിദ്യാർഥിനിയാണ്. പിതാവ്: പള്ളിക്കൽ ഹുസൈൻ. മാതാവ്: ബീവി. സഹോദരങ്ങൾ: മുസ്തഫ, അബ്ദുല്ലത്തീഫ്, ബഷീർ, റാബിയ, റുഖിയ, ഹാജറ. നടപടികൾ പൂർത്തിയാക്കാൻ ഹോളിഡേ ഇൻ കമ്പനി അധികൃതരും സാമൂഹിക സന്നദ്ധ പ്രവർത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam