പൊടുന്നനെ കമ്പനി അപ്രത്യക്ഷം, മലയാളികളുൾപ്പെടെ നിരവധി പ്രവാസികൾക്ക് യുഎഇയിൽ നഷ്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യം

Published : May 20, 2025, 03:37 PM IST
പൊടുന്നനെ കമ്പനി അപ്രത്യക്ഷം, മലയാളികളുൾപ്പെടെ നിരവധി പ്രവാസികൾക്ക് യുഎഇയിൽ നഷ്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യം

Synopsis

മലയാളികളായ മുഹമ്മദും ഫയാസ് പൊയ്യിലും 64 ലക്ഷം രൂപയാണ്  ഈ കമ്പനിയിൽ നിക്ഷേപിച്ചിരുന്നത്

ദുബൈ: ദുബൈയിലെ ബിസിനസ് ബേയിൽ പ്രവർത്തിച്ചിരുന്ന ​ഗൾഫ് ഫസ്റ്റ് കൊമേഴ്സ്യൽ ബ്രോക്കേഴ്സിന്റെ കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിൽ. ഇതോടെ നിക്ഷേപകർ ആശങ്കയിലായിരിക്കുകയാണ്. മലയാളികളുൾപ്പടെ നിരവധി പ്രവാസികളും സ്വദേശികളും നിക്ഷേപിച്ചിരിക്കുന്ന തങ്ങളുടെ  സമ്പാദ്യം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. 

കഴിഞ്ഞ മാസം അവസാനം വരെ 40 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇപ്പോൾ ഇവിടം ശൂന്യമാണ്. തറയിലാകെ പൊടിയും ഭിത്തികളിൽ ഇലക്ട്രിക് വയറിങ് വിച്ഛേദിച്ച നിലയിലുമാണ്. നിക്ഷേപകരോട് ഇതുസംബന്ധിച്ച യാതൊരു വിശദീകരണങ്ങളും കമ്പനി അധികൃതർ നൽകിയിട്ടില്ല. ഒരു ദിവസം പൊടുന്നനെ കമ്പനി അപ്രത്യക്ഷമാകുകയായിരുന്നു. 

മലയാളികളായ മുഹമ്മദും ഫയാസ് പൊയ്യിലും 64 ലക്ഷം രൂപയാണ്  ഈ കമ്പനിയിൽ നിക്ഷേപിച്ചിരുന്നത്. വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് കമ്പനി പ്രവർത്തിച്ച കെട്ടിടത്തിൽ വന്ന് നോക്കിയപ്പോഴാണ് ഇരുവരും അതിശയിച്ചുപോയത്. ഇങ്ങനെ ഒരു കമ്പനി ഇവിടെ പ്രവർത്തിച്ചിരുന്ന പോലുമില്ല എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇവിടുത്തെ കാഴ്ചകൾ. ഓഫീസ് ശൂന്യമാണ്. ഞങ്ങൾ ഇവരുമായി ബന്ധപ്പെടാൻ അറിയാവുന്ന പല നമ്പറുകളിലും ബന്ധപ്പെട്ടു. ആരും ഫോണെടുക്കുന്നില്ല. ഓഫീസിൽ വന്ന് നോക്കിയപ്പോൾ ഇവിടെയും ആരുമില്ല- ഇരുവരും പറഞ്ഞു. 

നിക്ഷേപ കമ്പനിയുടെ മറവിൽ നടന്ന തട്ടിപ്പ് ഇതോടെയാണ് വെളിച്ചത്തുവന്നത്. അനധികൃത ഓൺലൈൻ പ്ലാറ്റ്ഫോമായ സി​ഗ്മ വൺ കാപിറ്റലിലേക്ക് നിക്ഷേപിക്കാൻ ക്ലൈന്റുകളെ ​ഗൾഫ് ഫസ്റ്റ് കൊമേഴ്‌സ്യൽ ബ്രോക്കേഴ്‌സ് നിർബന്ധിക്കുമായിരുന്നുവെന്ന്  ഇന്ത്യക്കാരനായ സഞ്ജീവ് പറയുന്നു. ഇതിൽ നിക്ഷേപിക്കുന്നത് പൂർണമായും സുരക്ഷിതമാണെന്നും കൃത്യമായി ഇതിൽ നിന്നും വരുമാനം ലഭിക്കുമെന്നും പറഞ്ഞ് നിർബന്ധിച്ചാണ് തന്നെക്കൊണ്ട് സി​ഗ്മ കാപിറ്റലിൽ നിക്ഷേപം നടത്തിച്ചതെന്നും സഞ്ജീവ് പറഞ്ഞു. മലയാളിയായ മുഹമ്മദിന് 42 ലക്ഷത്തിലധികമാണ് നഷ്ടമായിരിക്കുന്നത്. ഗൾഫ് ഫസ്റ്റ്, സിഗ്മ-വൺ എന്നീ പേരുകൾ പരസ്പരം മാറിമാറി ഇവിടുത്തെ സ്റ്റാഫുകൾ പറഞ്ഞിരുന്നെന്നും രണ്ടും ഒരു കമ്പനിയാണെന്ന് പറഞ്ഞിരുന്നതായും മുഹമ്മദ് പറയുന്നു. 

ഇരു കമ്പനികൾക്കെതിരെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിഗ്മ-വൺ ക്യാപിറ്റൽ ഡിഎഫ്എസ്എ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സെന്റ് ലൂസിയ രജിസ്ട്രേഷനും മുസല്ല ടവറിൽ ബർ ദുബൈ ഓഫീസും ഉണ്ടെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇത്തരത്തിൽ ഒരു കമ്പനിയോ ഓഫീസോ പ്രവർത്തിക്കുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ