
അബുദാബി: നിയമ വിരുദ്ധമായി സുഡാൻ സായുധ സേനയ്ക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കൈമാറാനുള്ള ശ്രമം പരാജയപ്പെടുത്തി യുഎഇ സുരക്ഷാ ഏജൻസികൾ. ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ആവശ്യമായ ലൈസൻസ് ഇല്ലാതെയാണ് ഇടനിലക്കാരായി പ്രവർത്തിച്ച് പ്രതികൾ ആയുധം കടത്താൻ ശ്രമിച്ചത്. രാജ്യത്തെ വിമാനത്താവളത്തിലെ ഒരു സ്വകാര്യ ജെറ്റിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഗിരാനോവ് ഇനത്തിൽപ്പെട്ട 7.62 x 54.7 എംഎം വെടിക്കോപ്പുകളുടെ ഏകദേശം അഞ്ച് ദശലക്ഷം റൗണ്ടുകളാണ് വിമാനത്തിൽ നിന്ന് കണ്ടെത്തിയത്. കൂടാതെ ഈ അനധികൃത ഇടപാടിൽനിന്നുള്ള സാമ്പത്തിക വരുമാനത്തിന്റെ ഒരു ഭാഗവും സംഭവത്തിൽ സംശയിക്കപ്പെടുന്നവരുടെ താമസയിടങ്ങളിൽ നിന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
സുഡാൻ മുൻ ഇന്റലിജൻസ് മേധാവി സലാഹ് ഘോഷ്, ഇന്റലിജൻസ് ഏജൻസിയിലെ മുൻ ഉദ്യോഗസ്ഥർ, ധനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ്, ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി യാസർ അൽ അത്ത എന്നിവരുമായി അടുപ്പമുള്ള രാഷ്ട്രീയ നേതാവും നിരവധി സുഡാനി വാണിജ്യ പ്രമുഖരും പിടികൂടിയ സെൽ അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അറ്റോർണി ജനറൽ ഹമദ് സെയ്ഫ് അൽ ശംസി അറിയിച്ചു.
കലാഷ്നിക്കോവ് റൈഫിളുകൾ, വെടിക്കോപ്പുകൾ, മെഷീൻ ഗണ്ണുകൾ, ഗ്രനേഡുകൾ എന്നിവ ഉൾപ്പെടുന്ന ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന സൈനിക ഉപകരണ ഇടപാടുകളാണ് പിടിയിലായവർ ഇടനിലക്കാരായി നിന്ന് നടത്തിയതെന്ന് യുഎഇ അധികൃതർ അറിയിച്ചു. വിദേശത്തു നിന്നുള്ള സ്വകാര്യ വിമാനത്തിൽ യുഎഇ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഇന്ധനം നിറയ്ക്കാൻ ലാൻഡ് ചെയ്തപ്പോഴാണ് വിമാനത്തിൽ പരിശോധന നടത്തിയത്. പിടികൂടിയ പ്രതികളെ അടിയന്തിര വിചാരണ നടപടികൾക്ക് റഫർ ചെയ്യുന്നതിനായി പബ്ലിക് പ്രേസിക്യൂഷൻ അന്വേഷണം നടത്തിവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ