അറബിനാട്ടില്‍ നാടകം കളിച്ച് അവര്‍ പ്രളയബാധിതരെ സഹായിക്കും

By Web TeamFirst Published Sep 19, 2018, 7:45 PM IST
Highlights

സൗദി അറേബ്യയില്‍ കേരള സംഗീത നാടക അക്കാദമിയുടെ അഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏക കലാസമിതിയാണ് 'നാടകം ഡോട്ട് കോം, റിയാദ് നാടകവേദി ആന്‍റ് ചില്‍ഡ്രന്‍ തിയ്യറ്റര്‍'. കേരളത്തിലെ പ്രളയാനുഭവങ്ങളെ 'പ്രളയകാലം' എന്ന ശീര്‍ഷകത്തില്‍ നാടകങ്ങള്‍  ഒരുക്കിയാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. 

റിയാദ് : കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ സൗദി അറേബ്യയില്‍ റിയാദില്‍ നാടക പ്രവര്‍ത്തകര്‍ തുടര്‍പരിപാടികള്‍ക്കോരുങ്ങുന്നു. സൗദി അറേബ്യയില്‍ കേരള സംഗീത നാടക അക്കാദമിയുടെ അഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏക കലാസമിതിയാണ് 'നാടകം ഡോട്ട് കോം, റിയാദ് നാടകവേദി ആന്‍റ് ചില്‍ഡ്രന്‍ തിയ്യറ്റര്‍'. കേരളത്തിലെ പ്രളയാനുഭവങ്ങളെ 'പ്രളയകാലം' എന്ന ശീര്‍ഷകത്തില്‍ നാടകങ്ങള്‍  ഒരുക്കിയാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. 

മലയാള നാടക രംഗത്തുള്ള എഴുത്തുകാരോടും, കലാകാരന്മാരോടും 'പ്രളയകാലം' എന്ന  ശീര്‍ഷകത്തില്‍ 20-30 മിനിട്ടില്‍ അവതരിപ്പിക്കാന്‍ പറ്റിയ നാടകങ്ങള്‍ എഴുതിത്തന്ന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് രചനകള്‍ കണ്ടെത്തുന്നത്. റിയാദില്‍ നിന്ന് തുടക്കം കുറിക്കുന്ന ഈ പരിപാടിക്ക് ഇവിടെയുള്ള എല്ലാ നാടകപ്രവര്‍ത്തകരുടെയും, കലാകാരന്മാരുടയും, സാംസ്‌കാരിക സംഘടനകളുടെയും സഹായസഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. എത്ര കൃതികള്‍ കിട്ടിയാലും പല സന്ദര്‍ഭങ്ങളിലായി സൗദി അറേബ്യായിലെ വിവിധ അരങ്ങുകളില്‍ അവതരിപ്പിക്കപ്പെടും എന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിനോടകം തന്നെ കേരളത്തിനകത്തും,  പുറത്തുമുള്ള നിരവധി നാടകപ്രവര്‍ത്തകര്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

സെപ്റ്റംബര്‍ 21 ന് നാടകവേദിയുടെ കുടുംബ സംഗമത്തോട് കൂടിയാണ് റിയാദില്‍ ഈ തുടര്‍ പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ലഭ്യമാകുന്ന സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒപ്പം തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ നാടക പ്രവര്‍ത്തകര്‍ക്കും വേണ്ടി ചെലവഴിക്കും. സംരംഭവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 0507069704. ഈ നമ്പറില്‍ വിളിക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. മലാസില്‍ നടന്ന നാടകവേദി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. 

click me!