
ദുബായ്: ദുബായിൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ചയാണ് സംഭവം. കർണാടകയിലെ ഭട്കൽ സ്വദേശിയും കഴിഞ്ഞ 15 വർഷമായി യുഎഇയിൽ പ്രവാസിയുമായ മുഹമ്മദ് സഫ്‌വാൻ ഷാനു (38) ആണ് മരണപ്പെട്ടത്. മകനെ അവസാനമായി കാണുന്നതിനായി മാതാപിതാക്കള്‍ ദുബായിൽ എത്തിയിരുന്നു. അൽ ഖുസൈസ് ശ്മശാനത്തിൽ തിങ്കളാഴ്ച അസർ നമസ്‌കാരത്തിന് ശേഷം നടന്ന വിലാപയാത്രയിലും അന്തിമ കർമ്മങ്ങളിലും നൂറുകണക്കിന് സുഹൃത്തുക്കളും പ്രവാസികളും പങ്കെടുത്തു.
വർഷങ്ങളായി സുഹൃത്തുക്കളോടൊപ്പം ഞായറാഴ്ച രാവിലെ ക്രിക്കറ്റ് കളിക്കുന്നത് സഫ്‌വാന്റെ പതിവായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരവും ദുബായ് വാട്ടർഫ്രണ്ട് മാർക്കറ്റിൽ പോയി മീനും മറ്റ് സാധനങ്ങളും വാങ്ങി സുഹൃത്തുക്കളോടൊപ്പം ഏറെ സമയം ചിലവഴിച്ച ശേഷമാണ് സഫ്‌വാൻ പിറ്റേന്ന് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയത്. ഞായറാഴ്ച രാവിലെ 7.10 ഓടെ ബാറ്റ് ചെയ്യുന്നതിനിടെ സഫ്‌വാൻ പെട്ടെന്ന് പിച്ചിൽ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ദുബായിലെ ക്രിക്കറ്റ് വൃത്തങ്ങളിൽ ഏറെ പരിചിതനായ സഫ്‌വാൻ യുഎഇയിലെ പല പ്രാദേശിക ടൂർണമെന്റുകളിലും ടീമുകളെ നയിക്കുകയും മാൻ ഓഫ് ദി മാച്ച്, മികച്ച ടൂർണമെന്റ് അവാർഡുകൾ എന്നിവ നേടുകയും ചെയ്തിട്ടുണ്ട്. ഭട്കലിലെ തെരുവുകളിൽ നിന്ന് തുടങ്ങിയ ക്രിക്കറ്റ് കമ്പം ദുബായിലെ ഗ്രൗണ്ടുകളിലും സഫ്‌വാൻ തുടർന്നു. എട്ട് വർഷത്തോളം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷം സ്വന്തമായി ബിസിനസ്സ് നടത്തിവരികയായിരുന്നു അദ്ദേഹം. കളിക്കളത്തിലെ മികവിനൊപ്പം തന്നെ എല്ലാവരോടും പുഞ്ചിരിയോടെ മാത്രം ഇടപെടുന്ന സഫ്‌വാന്റെ സ്വഭാവവും അദ്ദേഹത്തെ ഏറെ പ്രിയങ്കരനാക്കി.
നാട്ടിൽ വെച്ച് മകന്‍റെ മരണവാർത്തയറിഞ്ഞ മാതാപിതാക്കൾക്ക് അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ദുബായിലേക്ക് വരണമെന്നുണ്ടായിരുന്നെങ്കിലും അവർക്ക് യുഎഇ വിസയുണ്ടായിരുന്നില്ല. എന്നാൽ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അടിയന്തരമായി വിസ നടപടികളും ടിക്കറ്റും ശരിയാക്കി മാതാപിതാക്കളെ ദുബായിൽ എത്തിക്കുകയായിരുന്നു. ഭാര്യയും മൂന്ന് ആൺകുട്ടികളും വെറും നാല് മാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞുമടങ്ങുന്നതാണ് സഫ്‌വാന്‍റെ കുടുംബം. അദ്ദേഹത്തിന്‍റെ മൂത്ത സഹോദരനും ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam