കുവൈത്തിലെ ക്യാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിൽ അധികൃതർ നടത്തിയ വ്യാപക പരിശോധനയിൽ അനധികൃത ഗ്രോസറികളായി പ്രവർത്തിച്ച വീടുകൾ അടപ്പിച്ചു. തൊഴിൽ നിയമലംഘനത്തിന് 11 പേരെ അറസ്റ്റ് ചെയ്യുകയും, ഭക്ഷ്യയോഗ്യമല്ലാത്ത 195.2 കിലോഗ്രാം ഇറച്ചി പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ അനധികൃത ഗ്രോസറി സ്റ്റോറുകളായി ഉപയോഗിച്ചിരുന്ന ആറ് വീടുകൾ അധികൃതർ അടപ്പിച്ചു. സുരക്ഷാ സേന, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു.

ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തിരുന്ന രണ്ട് വാഹനങ്ങളും മോഷണക്കേസിൽ ഉൾപ്പെട്ട ഒരു മോട്ടോർസൈക്കിളും പിടിച്ചെടുത്തു. നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന രണ്ട് മോട്ടോർസൈക്കിളുകൾ മുനിസിപ്പാലിറ്റി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളെ തുടർന്ന് 26 ഭക്ഷ്യസുരക്ഷാ നിയമലംഘന നോട്ടീസുകൾ അധികൃതർ നൽകി. അറസ്റ്റിലായവരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ വ്യാപാര പ്രവർത്തനങ്ങൾ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ ഇത്തരം സംയുക്ത പരിശോധനകൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

95.2 കിലോഗ്രാം കേടായ ഇറച്ചി പിടിച്ചെടുത്തു

കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റ് കേന്ദ്രീകരിച്ച് ഭക്ഷ്യ-പോഷകാഹാര അതോറിറ്റി വ്യാപക പരിശോധന നടത്തി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പരിശോധന നടത്തിയത്. ഫർവാനിയ ഫുഡ് ഇൻസ്പെക്ഷൻ കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുത്തു. പരിശോധനക്കിടെ മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണം വിൽപന നടത്തിയതിന് ഒരു കേസ് രജിസ്റ്റർ ചെയ്തു. സാധുതയുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലി ചെയ്ത രണ്ട് ജീവനക്കാർക്കെതിരെയും, ഹെൽത്ത് സർട്ടിഫിക്കറ്റില്ലാത്ത ആളുകളെ ജോലിക്ക് നിർത്തിയ രണ്ട് തൊഴിലുടമകൾക്കെതിരെയും കേസ് എടുത്തു. പരിശോധനയ്ക്കിടെ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ 195.2 കിലോഗ്രാം ഇറച്ചി പിടിച്ചെടുക്കുകയും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ഉടനടി നശിപ്പിക്കുകയും ചെയ്തു.