തൊഴിൽ, താമസ നിയമ ലംഘനം: ഒരാഴ്ചക്കിടെ ആയിരക്കണക്കിന് പ്രവാസികള്‍ പിടിയിൽ

By Web TeamFirst Published Aug 23, 2021, 4:15 PM IST
Highlights

ആഗസ്റ്റ് 12 മുതൽ 18 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‍പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത റെയ്ഡിൽ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകൾ അറസ്റ്റിലായത്.

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയിൽ ഒരാഴ്ചക്കിടയിൽ 15900 പേരെ പിടികൂടി. ആഗസ്റ്റ് 12 മുതൽ 18 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‍പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത റെയ്ഡിൽ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകൾ അറസ്റ്റിലായത്.

അറസ്റ്റിലായവരിൽ 5,436 പേർ താമസ നിയമ നിയമലംഘകരും, 9,075 പേർ അതിർത്തി നിയമലംഘകരും, 1,389 ലധികം തൊഴിൽ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 454 പേരെ അറസ്റ്റ് ചെയ്തതിൽ 45 ശതമാനം യെമൻ പൗരന്മാർ, 51 ശതമാനം എത്യോപ്യക്കാർ, 4 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിങ്ങനെയാണ്. 23 പേർ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ചെയ്ത എട്ട് പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ 78,286 പേരിൽ 65,164 പേർ പുരുഷൻമാരും 13,122 സ്ത്രീകളും ഉൾപ്പെടെ, 58,317 നിയമലംഘകരുടെ കേസുകൾ അവരവരുടെ എംബസികളിലേക്ക് തുടർ നടപടികൾക്കായി കൈമാറിയിട്ടുണ്ട്. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് ഗതാഗതമോ പാർപ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്താൽ പരമാവധി 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങൾ അഭയം നൽകിയ സ്ഥലം എന്നിവ കണ്ടുകെട്ടൽ എന്നീ നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

click me!