സൗദി അറേബ്യയിലെ ജയിലില്‍ തീപിടിത്തം; മൂന്ന് പേര്‍ മരിച്ചു

By Web TeamFirst Published Dec 13, 2019, 3:16 PM IST
Highlights

പ്രധാനപ്പെട്ട കേസുകളിലേതടക്കം പ്രതികളെ പാർപ്പിച്ചിരിക്കുന്ന സെൻട്രൽ ജയിലിലെ ഏഴാം വാർഡിലാണ് വ്യാഴാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. 21 അന്തേവാസികൾക്ക് പരിക്കുമേറ്റിട്ടുണ്ട്. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല.

റിയാദ്: പ്രധാനപ്പെട്ട കേസുകളിലേതടക്കം പ്രതികളെ പാർപ്പിച്ചിരിക്കുന്ന റിയാദിലെ സെൻട്രൽ ജയിലിൽ തീപിടിത്തം. അന്തേവാസികളിൽ  മൂന്ന് പേർ മരണപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദി അറേബ്യൻ തലസ്ഥാന നഗരത്തിലെ സെൻട്രൽ ഡിസ്ട്രിക്റ്റായ മലസിൽ സ്ഥിതി ചെയ്യുന്ന ജയിലിൽ വ്യാഴാഴ്ച പുലർച്ചെയാണ് അഗ്നിബാധയുണ്ടായത്. എന്നാൽ രാത്രി വൈകിയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. 

ജയിൽ വകുപ്പിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്. തീപിടിത്തമുണ്ടായ ഉടൻ ജയിൽ അധികൃതർ രക്ഷാപ്രവർത്തനം നടത്തുകയും തടവുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിക്കുകയും പരിക്കേറ്റവരെ അടിയന്തര ശുശ്രൂഷകൾ നൽകി ശുമൈസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സമീപത്തെ മറ്റു വാർഡുകളിലേക്കും കെട്ടിടങ്ങളിലേക്കും പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസിന്റെ അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കി. 

തീപിടിത്തമുണ്ടായതിന്റെ കാരണം കണ്ടെത്താനും അനന്തര നിയമനടപടികൾ സ്വീകരിക്കാനും അന്വേഷണം ആരംഭിച്ചതായി ജയിൽ വകുപ്പ് വക്താവ് മേജർ ജനറൽ അയ്യൂബ് ബിൻ ഹിജാബ് ബിൻ നഖീത്ത് അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ അറിവായിട്ടില്ല. ചാരായ നിർമാണവും വിൽപനയും മുതൽ മോഷണവും കൊലപാതകവും വരെയുള്ള എല്ലാത്തരം ക്രിമിനൽ കേസുകളിലെയും പ്രതികളെ വിചാരണ തടവുകാരായും ശിക്ഷാവിധിക്ക് ശേഷം തടവുശിക്ഷ അനുഭവിക്കുന്നവരായും പാർപ്പിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജയിലുകളിൽ ഒന്നാണ് മലസിലേത്. മലയാളികളടക്കം ഏതാണ്ടെല്ലാ രാജ്യങ്ങളിൽ നിന്നുള്ളവരും സൗദി പൗരന്മാരും ജയിൽപുള്ളികളായി ഇവിടെയുണ്ട്. 

click me!