കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മൂന്ന് മലയാളികളുടെ നില ഗുരുതരം

By Web TeamFirst Published Nov 10, 2021, 12:39 PM IST
Highlights

സൗദി അറേബ്യയിൽ മദീന പള്ളിയിൽ സന്ദർശനം നടത്തി തിരിച്ചുവരികയായിരുന്ന മലയാളി സംഘം സഞ്ചരിച്ച വാഹനം ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം.

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മൂന്ന് മലയാളികളുടെ നില ഗുരുതരം. സംഭവത്തില്‍ ഒരു മലയാളി യുവാവ് മരണപ്പെട്ടിരുന്നു. മദീന പള്ളിയിൽ സന്ദർശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന മലയാളി സംഘം സഞ്ചരിച്ച വാഹനമാണ് ഒട്ടകത്തെ ഇടിച്ച് മറിഞ്ഞത് (hit a camel). 

മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്‍ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണ് അപകടത്തില്‍ മരിച്ചത്. റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന ചേരുംകുഴിയില്‍, മകള്‍ അയ്‍മിന്‍ റോഹ (മൂന്നര), ജിദ്ദയില്‍ ജോലി ചെയ്യുന്ന തുവ്വൂര്‍ സ്വദേശിയായ നൌഫലിന്റെ ഭാര്യ റിന്‍സില, ഇവരുടെ മാതാവ് വട്ടിപ്പറമ്പത്ത് റംലത്ത്, സഹോദരന്‍ മുഹമ്മദ് ബിന്‍സ്, ഡ്രൈവര്‍ അബ്‍ദുല്‍ റഊഫ് കൊളക്കാടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

അബ്‍ദുല്‍ റഊഫ്, ഫര്‍സീന, റംലത്ത് എന്നിവരുടെ പരിക്കുകളാണ് ഗുരുതരം. ഇവരെ ജിദ്ദ അബ്‍ഹൂര്‍ കിങ് അബ്‍ദുല്ല ഇക്കണോമിക് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ട റിഷാദ് അലിയുടെ മകള്‍ മകള്‍ അയ്‍മിന്‍ റോഹ, റിന്‍സില, മുഹമ്മദ് ബിന്‍സ് എന്നിവര്‍ റാബിഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റാബിഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന റിഷാദ് അലിയുടെ മൃതദേഹം സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

മരിച്ച റിഷാദ് അലി ജിസാനില്‍ ബഖാല ജീവനക്കാരനായിരുന്നു. സന്ദര്‍ശക വിസയില്‍ നാട്ടില്‍ നിന്നെത്തിയ കുടുംബം ജിദ്ദയിലെത്തി, അവിടെ നിന്ന് നാട്ടുകാരനായ നൌഫലിന്റെ കുടുംബത്തിനൊപ്പം മദീന സന്ദർശനത്തിനായി പോയതായിരുന്നു. സന്ദര്‍ശനത്തിന് ശേഷം ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 

click me!